നിവാര്‍ തമിഴ്നാട് വിട്ടത് വ്യാപകനാശം വിതച്ച്; അഞ്ച് മരണം
ചെന്നൈ: തമിഴ്നാട്ടില്‍ ആഞ്ഞടിച്ച നിവാര്‍ ചുഴലിക്കാറ്റ് സംസ്ഥാനം വിട്ടത് വ്യാപകനാശം വിതച്ച്. ഇന്നലെ രാത്രി വരെയുള്ള വിവരം അനുസരിച്ച് അഞ്ചുപേര്‍ മരിച്ചതായും ഏതാനും പേര്‍ക്കു പരുക്കേറ്റതായും അഡീഷനല്‍ ചീഫ് സെക്രട്ടറി അതുല്യ മിശ്ര അറിയിച്ചു. നൂറിലേറെ വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. വില്ലുപുരത്ത് വീട് തകര്‍ന്ന് വീണ് 47 വയസുകാരിയും വൈദ്യുതാഘാതമേറ്റ് 16 കാരന് ഉള്‍പ്പടെ മൂന്ന് പേരും ചെന്നൈയില്‍ മരം വീണ് 40 കാരനും മരിച്ചു. വ്യാപക കൃഷിനാശവുമുണ്ടായി. ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് ആളപായം കുറഞ്ഞത്. രണ്ടര ലക്ഷം ആളുകളാണ് നിലവില്‍ 5,000 ക്യാംപുകളിലായി കഴിയുന്നത്. പുതുച്ചേരിയിലും തമിഴ്നാട്ടിലെ മിക്ക ജില്ലകളിലും ഇന്നലെ പൊതു അവധി പ്രഖ്യാപിച്ച് കനത്ത ജാഗ്രത പുലര്‍ത്തിയതും അനുഗ്രഹമായി.
അതിതീവ്ര ചുഴലി നിവാര്‍ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ പുതുച്ചേരിയുടെ തീരം തൊട്ടത്. കടലൂരില്‍നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിയെത്തിയത്. ഇന്നലെ പുലര്‍ച്ചെ 2.30 വരെ ചുഴലിക്കാറ്റ് വീശിയടിച്ചു. തുടര്‍ന്ന് വേഗതകുറഞ്ഞ് തീരത്തുനിന്ന് പിന്‍വാങ്ങി. വടക്കു പടിഞ്ഞാറു ദിശയിലേക്കു നീങ്ങി ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു.
പുതുച്ചേരിയിലും തമിഴ്നാട്ടില്‍ ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു. ഗതാഗത സംവിധാനവും ഏറെക്കുറെ താറുമാറായി. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ വീട്ടിലുള്‍പ്പടെ വെള്ളം കയറി. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ചെന്നൈ മെട്രോ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."