ഡല്‍ഹി ചലോ മാര്‍ച്ച് ഹരിയാനയില്‍ കര്‍ഷകര്‍ക്കുനേരെ ജലപീരങ്കി, കണ്ണീര്‍വാതകം
ി ബാരിക്കേഡുകള്‍ സമരക്കാര്‍ നദിയിലെറിഞ്ഞു
ിതടയാന്‍ തയാറായി ഡല്‍ഹി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടഞ്ഞതിനെത്തുടര്‍ന്ന് കര്‍ഷകര്‍ പൊലിസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകള്‍ നദിയിലെറിയുകയും ചെയ്തു. ജിന്ദ്-പട്യാല ഹൈവേയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തു. പൊലിസ് തടസങ്ങള്‍ മറികടന്ന് കര്‍ഷകര്‍ ഇന്നലെ വൈകിട്ടോടെ ഹരിയാനയിലെത്തി. ഹരിയാന-ഡല്‍ഹി അതിര്‍ത്തിയിലും വന്‍തോതില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. അഞ്ച് ഹൈവേകളിലൂടെ ഡല്‍ഹിയില്‍ പ്രവേശിക്കാനാണ് സമരക്കാരുടെ പദ്ധതി. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലിസ് സമരത്തിന് അനുമതി നല്‍കിയിട്ടില്ല. അത് വകവയ്ക്കാതെ പുതപ്പുകളും ഭക്ഷ്യവസ്തുക്കളുമായി ഡല്‍ഹിയിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍.
സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ കേന്ദ്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിനാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തുക. ട്രാക്ടറുകളിലും ട്രക്കുകളിലും കാല്‍നടയായും എത്തിയ കര്‍ഷകരെ പഞ്ചാബ് അതിര്‍ത്തിയില്‍ ഹരിയാന പൊലിസ് കണ്ണീര്‍വാതക ഷെല്ലുകളും ജലപീരങ്കികളുമായാണ് നേരിട്ടത്. തടയപ്പെട്ടതോടെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ കുത്തിയിപ്പ് സമരം തുടങ്ങി. ഇത് കര്‍ഷകരും പൊലിസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങി. കര്‍ഷകര്‍ക്ക് നേരേ പൊലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പ്രകോപിതരായ കര്‍ഷകര്‍ പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലെറിയുകയായിരുന്നു. റാലി തടയാന്‍ ഹരിയാന രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസ് നിര്‍ത്തിവച്ചിട്ടും കര്‍ഷകര്‍ ഹരിയാന അതിര്‍ത്തിയിലെത്തി.
സമരക്കാരെ നേരിടാന്‍ ഡല്‍ഹിയില്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ ഗുരുദ്വാരകളില്‍ സമരക്കാര്‍ക്ക് ഭക്ഷണവും താമസവും മറ്റും ഒരുക്കുന്നുണ്ട്. . കര്‍ഷകരുടെ ജനാധിപത്യപരമായ അവകാശം ഹരിയാന സര്‍ക്കാര്‍ തടയുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രതികരിച്ചു. സമരം നടത്താന്‍ കര്‍ഷകരെ അമരീന്ദര്‍ സിങ് പ്രേരിപ്പിക്കുകയാണെന്നായിരുന്നു ഇതിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ പ്രതികരണം. ഡല്‍ഹിയില്‍ പ്രവേശിച്ചാല്‍ സമരക്കാരെ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് ഡല്‍ഹി പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."