ഇതിഹാസത്തെ ഒരുനോക്ക് കാണാന്‍ ജനപ്രവാഹം
ബ്യൂണസ് അയേഴ് സ്: കഴിഞ്ഞ ദിവസം അന്തരിച്ച അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഒരുനോക്കു കാണാന്‍ ജനപ്രവാഹം. ഇതിഹാസത്തിന്റെ സംസ്കാരം അര്‍ജന്റീനിയന്‍ പ്രസിഡന്റിന്റെ ഓഫിസും ഔദ്യോഗിക വസതിയുമായ ബ്യൂണസ്അയേഴ് സിലെ കാസ റൊസാദ കൊട്ടാരത്തില്‍ നടക്കും. ഇവിടേക്ക് ഡീഗോയെ കാണാനായി ഫുട്ബോള്‍ പ്രേമികള്‍ തടിച്ചു കൂടിയതോടെ പരിസരം സംഘര്‍ഷ ഭരിതമായി. എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി ഇന്ന് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുമെന്ന് അര്‍ജന്റീന സര്‍ക്കാര്‍ അറിയിച്ചു. മറഡോണയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ബുധനാഴ്ച ടിഗ്രെയിലെ സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30ഓടെയായിരുന്നു ഫുട്ബോള്‍ ഇതിഹാസത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ ആദ്യവാരം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു.
സാന്‍ ഫെറാന്‍ഡോ ആശുപത്രിയില്‍ വൈകീട്ട് 7.30 മുതല്‍ 10 മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍. തുടര്‍ന്ന് 11 മണിയോടെ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിനായി കാസ റൊസാദയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."