'ലൗ ജിഹാദി'നെതിരേ ടൈം മാഗസിന്‍ മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയുടെ ഭാഗം
മുംബൈ: മുസ്‌ലിം യുവാക്കളുടെ മിശ്രവിവാഹത്തെയും പ്രണയവിവാഹത്തെയും 'ലൗ ജിഹാദ്' ആയി വ്യാഖ്യാനിച്ച് അതിനെതിരേ നിയമം കൊണ്ടുവരുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ടൈം മാഗസിന്‍.
മുസ്‌ലിം വിരുദ്ധ ഗൂഢാലോചനയാണ് ലൗ ജിഹാദെന്ന് മാഗസിന്‍ നിരീക്ഷിച്ചു. ഇന്ത്യയിലെ മതപരമായ ജനസംഖ്യാ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ കരുതിക്കൂട്ടി ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുകയാണ് മുസ്‌ലിംകള്‍ എന്ന അടിസ്ഥാനരഹിതമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമാണ് ലൗ ജിഹാദെന്ന് ടൈം മാഗസിന്‍ വിലയിരുത്തുന്നു.
2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തീവ്രഹൈന്ദവ ദേശീയവാദികളാണ് ഈ വിഷയം സജീവമാക്കി തുടങ്ങിയത്. മോദി അധികാരത്തിലേറിയത് മുതല്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ലക്ഷ്യംവച്ച് നിരവധി നിയമങ്ങള്‍ കൊണ്ടുവന്നതായും മാഗസിന്‍ പറയുന്നു.'ഞങ്ങളുടെ മക്കളുടെയും സഹോദരിമാരുടെയും അഭിമാനംകൊണ്ട് കളിക്കാന്‍ ശ്രമിക്കുന്നവരോട് പറയാനുള്ളത്, നിങ്ങളുടെ അവസാന യാത്രയുടെ തുടക്കമാണിതെന്നാണ്'എന്ന ഒക്ടോബറില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നടത്തിയ ഭീഷണി പ്രസംഗവും ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സംഘ്പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പരസ്യം പിന്‍വലിച്ചതും ടെലിവിഷന്‍ പരമ്പരയില്‍ മുസ്‌ലിം കൗമാരക്കാരന്‍ ഹിന്ദുസ്ത്രീയെ ചിംബിച്ച ദൃശ്യത്തിന്റെ പേരില്‍ വെബ്‌സൈറ്റിനെതിരേ കേസെടുത്ത സംഭവവും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിവിധ കോടതികളും പൊലിസും തള്ളിക്കളഞ്ഞതും ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ബില്ലി പെരിഗോയാണ് ടൈം മാഗസിനില്‍ ഇതുസംബന്ധിച്ച ലേഖനമെഴുതിയത്.
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ളവര്‍ക്കൊപ്പം
എവിടെയും ജീവിക്കാം: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഇരുപതുകാരിയായ സുലേഖയെ ബബ്‌ലു എന്നയാള്‍ക്കൊപ്പം വിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ വിപിന്‍ സാങ്‌വി, രജനീഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മുസ്‌ലിം യുവാക്കളുടെ മിശ്രവിവാഹവും പ്രണയവിവാഹവും 'ലൗ ജിഹാദ്' ആയി വ്യാഖ്യാനിച്ച് അതിനെതിരേ ബി.ജെ.പി സര്‍ക്കാരുകള്‍ നിയമംകൊണ്ടുവരുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. അലഹാബാദ് ഹൈക്കോടതിയും കഴിഞ്ഞയാഴ്ച സമാന നിരീക്ഷണം നടത്തിയിരുന്നു.
സുലേഖ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബബ്‌ലു എന്ന യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന സുലേഖയുടെ സഹോദരന്‍ പ്രവീണിന്റെ ഹേബിയസ് കോര്‍പസ് ഹരജി തള്ളിയ ഡിവിഷന്‍ ബെഞ്ച്, സുലേഖയെ ബബ്‌ലുവിനൊപ്പം വിടുകയും ചെയ്തു. വിഡിയോ കോണ്‍ഫറന്‍സ് മുഖേന സുലേഖയുമായി സംസാരിച്ച ശേഷമാണ് കോടതിയുടെ നടപടി. ബബ്‌ലുവിനെ വിവാഹം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയോട് യുവതി പറഞ്ഞു. ഇതോടെയാണ് പ്രായപൂര്‍ത്തിയായതിനാല്‍ യുവതിയെ അവരുടെ ഇഷ്ടത്തിനു വിട്ടത്. വീടുവിട്ടിറങ്ങുമ്പോള്‍ സുലേഖയ്ക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന സഹോദരന്റെ വാദം കോടതി തള്ളി. പൊലിസ് സുരക്ഷയില്‍ യുവതിയെ ഭര്‍ത്താവ് ബബ്‌ലുവിന്റെ വീട്ടിലെത്തിക്കാന്‍ ഉത്തരവിട്ട കോടതി, നിയമം കൈയിലെടുക്കാനോ ദമ്പതികളെ ഭീഷണിപ്പെടുത്താനോ സുലേഖയുടെ കുടുംബത്തെ അനുവദിക്കരുതെന്നു പൊലിസിനു കര്‍ശന നിര്‍ദേശവും നല്‍കി. ഏതു സമയത്തും ബന്ധപ്പെടാന്‍ കഴിയുന്ന വിധത്തില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ ദമ്പതിമാര്‍ക്കു നല്‍കാനും കോടതിയുടെ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."