പുതിയ പരിഷ്‌കാരവും യു.ഡി.എഫ് കെട്ടുറപ്പും രാഷ്ട്രീയമായി ഗുണം ചെയ്യും: മുസ്‌ലിം ലീഗ്
മലപ്പുറം: പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന മുസ്‌ലിം ലീഗിന്റെ പുതിയ പരിഷ്‌കാരവും യു.ഡി.എഫിന്റെ കെട്ടുറപ്പും തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും മികച്ച വിജയം യു.ഡി.എഫ് നേടുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിയുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിലയിരുത്തി. സിറ്റിങ് മെംബര്‍മാര്‍ യുവാക്കള്‍ക്ക് വഴിമാറിക്കൊടുത്ത നടപടി പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ സഹായകരമായി.
യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷത്തിനു കെട്ടുറപ്പില്ല. ബി.ജെ.പിക്കും നേട്ടമുണ്ടാക്കാന്‍ കഴിയില്ല. വീണ്ടും അധികാരത്തിലെത്താന്‍ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നതിനാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കും.
വിജിലന്‍സ് സര്‍ക്കാരിന്റെ മര്‍ദനോപകരണമായി മാറിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധമാണ് മുന്‍ മന്ത്രി വി.കെ ഇബ്‌റാഹീം കുഞ്ഞിനോട് പെരുമാറുന്നത്. പൊലിസ് ആക്ട് ഭേദഗതി ചെയ്ത് ചരിത്രത്തിലെ അല്‍പായുസുള്ള നിയമമുണ്ടാക്കി കേരളത്തിനു നാണക്കേടുണ്ടാക്കിയത് സര്‍ക്കാരിന്റെ മനോവിഭ്രാന്തിക്ക് മറ്റൊരു ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."