മലമ്പുഴയില്‍ പൂക്കളുടെ സ്ഥിരോദ്യാനമൊരുങ്ങുന്നു
മലമ്പുഴ: കേരളത്തിന്റെ ഉദ്യാനറാണി പൂക്കളെ സ്‌നേഹിക്കുന്നവരുടെ സംഗമ ഭൂമിയാകാന്‍ ഒരുങ്ങുന്നു. ഉദ്യാനത്തില്‍ ലക്ഷം പൂച്ചെടികള്‍ കൊണ്ടു സ്ഥിര ഉദ്യാനം ഒരുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.
നേരത്തെ വര്‍ഷത്തിലൊരിക്കല്‍ പുഷ്പമേള നടത്തിയിരുന്നു.
ഊട്ടിയില്‍നിന്നാണ് പുഷ്പമേളയ്ക്കു പൂക്കളെത്തിച്ചിരുന്നത്. ഓണത്തിനു മുന്‍പ് ഉദ്യാനം പൂര്‍ത്തിയാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
ഉദ്യാനത്തിന്റെ പ്രവേശന കവാടം, കൃഷ്ണപാര്‍ക്ക്, കാളിന്ദി പാര്‍ക്ക്, ത്രീ ബോയ്‌സ് പാര്‍ക്ക് എന്നിവിടങ്ങളിലും തൂക്കുപാലത്തിനു സമീപത്തും അണക്കെട്ടിനു താഴെയുമായാണ് ഉദ്യാനം ഒരുക്കുക.
സാല്‍വിയം, ആസ്തര്‍, പെറ്റിയൂണിയ, ഡല്‍ഫനിയം, ജറബറ, ലില്ലിയം, കാര്‍ണേഷ്യം തുടങ്ങിയ പുഷ്പങ്ങള്‍ ഉള്‍പ്പെടെ നൂറില്‍പരം വ്യത്യസ്ത പൂച്ചെടികള്‍ ഉദ്യാനത്തിലെത്തിക്കും.
ഊട്ടി, സേലം, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് പൂച്ചെടികളെത്തിക്കുക. മലമ്പുഴ അണക്കെട്ടിന്റെ മാതൃകയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ പദ്ധതിയുണ്ട്.
വിവിധ ഇനങ്ങളിലും നിറങ്ങളിലുമായി റോസ് പുഷ്പങ്ങളുടെ പ്രത്യേക പാര്‍ക്കും ആലോചനയിലുണ്ട്.
പച്ചപ്പരവതാനി വിരിച്ചതുപോലെ പുല്‍ത്തകിടുകളും ഒരുക്കും. ജലസേചന വകുപ്പ് ഡി.ടി.പി.സിയുടെ സഹകരണത്തോടെയാണ് ഉദ്യാനം ഒരുക്കുക. ഓണത്തിനു പ്രത്യേക പരിപാടികളും ഒരുക്കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."