വി.ഡി സതീശനും വിജിലന്‍സ് കുരുക്ക് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടി
തിരുവനന്തപുരം: പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്കു മേല്‍ വിജിലന്‍സിന്റെ കുരുക്കു മുറുക്കി സംസ്ഥാന സര്‍ക്കാര്‍. പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്കു വേണ്ടി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചു എന്ന ആരോപണത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയ്‌ക്കെതിരേ അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചു.
പറവൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നും ഇതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു.
അതിനിടെ ബാര്‍കോഴക്കേസില്‍ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേയുള്ള അന്വേഷണത്തിനും വിജിലന്‍സ് സ്പീക്കറുടെ അനുമതി തേടി കത്തു നല്‍കി.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇപ്പോള്‍ ഗുജറാത്തിലാണ്. 30നേ അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങിയെത്തുകയുള്ളൂ. അതിനു ശേഷമായിരിക്കും തീരുമാനമെടുക്കുക. ചെന്നിത്തലയ്‌ക്കെതിരേയുള്ള അന്വേഷണം ഗവര്‍ണറുടെ അനുമതി കൂടി കിട്ടിയ ശേഷമായിരിക്കും ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."