ലംപാര്‍ഡ് വീണ്ടും ചെല്‍സിയിലേക്ക്
ലണ്ടന്‍: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലംപാര്‍ഡ് വീണ്ടും ചെല്‍സിയിലേക്ക്. ചെല്‍സിയുടെ പുതിയ പരിശീലകനായാണ് മുന്‍ ഇതിഹാസ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡ് ചെല്‍സിയിലെത്തുന്നത്. മൂന്നു വര്‍ഷത്തെ കരാറിലാണ് ലംപാര്‍ഡ് ചെല്‍സിയിലെത്തിയത്. ചെല്‍സിയെ യൂറോപ ലീഗ് വിജയത്തിലേക്കു നയിച്ച ശേഷം പടിയിറങ്ങിയ മൗറിസിയോ സാരിക്കു പകരക്കാരനായാണ് ലംപാര്‍ഡ് ചുമതലയേറ്റെടുത്തത്. ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസിനൊപ്പം ചേരുന്നതിനു വേണ്ടിയാണ് സാരി ചെല്‍സി വിട്ടത്. 13 വര്‍ഷം ചെല്‍സിയുടെ മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ലംപാര്‍ഡ്. 2001 മുതല്‍ 2014 വരെ 648 മത്സരങ്ങളില്‍ ചെല്‍സിക്ക് വേണ്ടി ബൂട്ടണിഞ്ഞ ലംപാര്‍ഡ് 211 ഗോളുകള്‍ നേടിയിട്ടുണ്ട്. റോണ്‍ ഹാരിസ്, പീറ്റര്‍ ബൊണെറ്റി, ജോണ്‍ ടെറി എന്നിവര്‍ മാത്രമേ ചെല്‍സിക്കായി ലംപാര്ഡിനേക്കാള് കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂ. തുടര്‍ച്ചയായി അഞ്ചു പ്രീമിയര്‍ ലീഗ് സീസണുകളില്‍ 20ല്‍ കൂടുതല്‍ ഗോളുകളും താരം നേടിയിട്ടുണ്ട്. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം, നാല് എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പ്, ഓരോ തവണ ചാംപ്യന്‍സ് ലീഗ്, യൂറോപ ലീഗ് എന്നിവ സ്വന്തമാക്കിയ ശേഷം 2014ലാണ് ലംപാര്‍ഡ് ചെല്‍സി വിട്ടത്. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ക്ലബായ ഡെര്‍ബി കൗണ്ടിയുടെ പരിശീലകനായിരുന്നു അദ്ദേഹം.
ചെല്‍സിയുടെ മുഖ്യ പരിശീലകനായി മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിതായ അഭിമാനമുണ്ടെന്ന് ലംപാര്‍ഡ് പ്രതികരിച്ചു. ഈ ക്ലബിനോടു തനിക്കുള്ള അടുപ്പവും പങ്കിട്ട ചരിത്രവുമെല്ലാം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. പുതിയ സീസണിന് തയാറെടുക്കുകയാണ് ഇപ്പോള്‍ മുന്നിലുള്ള ഏക ലക്ഷ്യം. കഠിനാധ്വാനം നടത്തി ഈ ക്ലബിനെ കൂടുതല്‍ നേട്ടങ്ങളിലേക്കു നയിക്കാനാണ് എത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് ജോലി തുടങ്ങുമെന്നും ലംപാര്‍ഡ് വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."