32,407 വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം
പാലക്കാട്: ജില്ലയിലെ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി സ്‌കൂള്‍ യൂനിഫോം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, എസ്.എസ്.എ.പ്രൊജക്ട് ഓഫിസര്‍ പി. കൃഷ്ണന് യൂനിഫോം നല്‍കി ഉദ്ഘാടനം ചെയ്തു. മോയന്‍ എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എ.എം ഹസീല അധ്യക്ഷയായി.
കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കും തൊഴിലാളികള്‍ക്ക് കൂലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി. അന്തിമ കണക്കുകള്‍ ലഭിച്ചപ്പോള്‍ ജില്ലയിലെ 196 സ്‌കൂളുകളിലെ 32,407 കുട്ടികള്‍ക്കാണ് കൈത്തറി യൂനിഫോം സൗജന്യമായി ലഭിക്കുക. ഇതിനായി 14,458 മീറ്റര്‍ സ്യൂട്ടിങ് തുണിത്തരങ്ങളും 18,673 മീറ്റര്‍ ഷര്‍ട്ടിങ് തുണിത്തരങ്ങളുമാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴിലുള്ള തറികളില്‍ തയ്യാറാക്കിയത്. അഞ്ച് കൈത്തറി സഹകരണ സംഘങ്ങളില്‍ നിന്നും 70 തൊഴിലാളികള്‍ ചേര്‍ന്ന് 11,311 മീറ്റര്‍ തുണിയാണ് ജില്ലയില്‍ നെയ്തത്. ബാക്കി ആവശ്യമായി വരുന്നവ ഹാന്‍വീവ് നല്‍കും. യൂനിഫോമിന് ആവശ്യമായ കളര്‍ കോഡുകളും തിരഞ്ഞെടുത്ത് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്താണ് കുട്ടികള്‍ക്ക് ആവശ്യമായ തുണി നെയ്‌തെടുത്തത്.
നെയ്ത തുണി തമിഴ്‌നാട്ടിലെ ഡൈയിങ് യൂനിറ്റുകളില്‍ എത്തിച്ച് കളര്‍ ചെയ്യുന്നതിന് നേതൃത്വം വഹിച്ചത് ഹാന്‍വീവാണ്. എ.ഇ.ഒമാര്‍ക്ക് യൂനിഫോം എത്തിച്ച് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളിലേക്കുളള വിതരണം എ.ഇ.ഒമാരുടെ നേതൃത്വത്തില്‍ നടക്കും. അടുത്ത ആഴ്ചയോടെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും കൈത്തറി യൂനിഫോം വിതരണം ചെയ്യും.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹന്‍, ഹാന്‍വീവ് ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ രാജശേഖരന്‍, പ്രധാനാധ്യാപിക കെ. മണിയമ്മ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി.കെ ജോസഫ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ആര്‍. സുരേഷ് ബാബു, മുഹമ്മദ് നിസാര്‍, മാറലാട് കൈത്തറി സഹകരണ സംഘം സെക്രട്ടറി രാമസ്വാമി, പി.ടി.എ. പ്രസിഡന്റ് വി. രവീന്ദ്രന്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."