പെറു - ബ്രസീല്‍ ഫൈനല്‍
പോര്‍ട്ടോ അലെഗ്രെ: കോപ അമേരിക്ക ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും. ആവേശകരമായ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ചിലിയെ പരാജയപ്പെടുത്തിയാണ് പെറു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കോപ അമേരിക്കയില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് പെറു തകര്‍ത്തെറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് (ഞായര്‍ രാത്രി) നടക്കുന്ന ഫൈനലില്‍ ബ്രസീലാണ് പെറുവിന്റെ എതിരാളികള്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പെറു പരാജയപ്പെട്ടിരുന്നു.
കളി അനായാസം കൈക്കലാക്കാമെന്ന ലക്ഷ്യത്തോടെയാണ് ചിലി പെറുവിനെ നേരിടാനെത്തിയത്. മത്സരത്തിന്റെ 66 ശതമാനവും പന്ത് കൈവശം വച്ചതും ചിലി തന്നെയാണ്. പക്ഷേ ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ചിലിയുടെ വലയിലെത്തിച്ച് പെറു കളി തട്ടിയെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ചിലി പ്രതിരോധത്തെ കാഴ്ചക്കാരാക്കി പെറു മൂന്നാം ഗോളും കണ്ടെത്തി. എഡിസണ്‍ ഫ്‌ളോറെസ് (21ാം മിനുട്ട്), യോഷിമര്‍ യോറ്റുന്‍ (38), പൗലോ ഗ്വുറേറോ (90) എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍. മികച്ച സേവുകളുമായി ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലെസും പെറുവിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ജേതാക്കളായ ഉറുഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ചെത്തിയ പെറുവിന് ചിലിക്കെതിരേ ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ അവിസ്മരണീയ പ്രകടനത്തിലൂടെ അവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. അറ്റാക്കിങ് ഫുട്‌ബോളിലൂടെ കളിയുടെ രണ്ടാം മിനുട്ട് മുതല്‍ പെറു ചിലിയെ സമ്മര്‍ദത്തിലാക്കി. 21ാം മിനുട്ടില്‍ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. ക്യുയേവനയുടെ ക്രോസില്‍നിന്ന് കാറില്ലോയുടെ ഹെഡ്ഡറിനൊടുവില്‍ ലഭിച്ച പന്ത് ഫ്‌ളോറെസ് വലയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. 38ാം മിനുട്ടില്‍ ചിലിയുടെ തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി പെറു ലീഡുയര്‍ത്തി. ഗോളിക്കു വന്ന പിഴവില്‍ നിന്നായിരുന്നു ഗോള്‍. രണ്ടാം ഗോളിന് വഴിയൊരുക്കിയതും കാറില്ലോയായിരുന്നു. വലതു വിങ്ങില്‍ ബോക്‌സിന് പുറത്തുനിന്ന് ഗോള്‍കീപ്പറെ കബളിപ്പിച്ച് കാറില്ലോ ഉയര്‍ത്തി നല്‍കിയ പന്ത് നെഞ്ചിലിറക്കിയ യോഷിമര്‍, നാല് ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു.
44ാം മിനുട്ടില്‍ ചിലിക്ക് ആദ്യ ഗോളിനുള്ള മികച്ചൊരു അവസരം ലഭിച്ചെങ്കിലും പെറു ഗോളി ഗല്ലെസെയെ കീഴക്കാനായില്ല. 51ാം മിനുട്ടില്‍ ചിലിക്കു വീണ്ടും ഗോളവസരം. ഇത്തവണ അരാന്‍ഗ്വിസിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഗോള്‍ മടക്കാന്‍ ചിലിക്ക് പിന്നീട് ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ ഇഞ്ചുറിടൈമിന്റെ ആദ്യ മിനുട്ടില്‍ വെറ്ററന്‍ താരം ഗ്വുറേറോ പെറുവിന്റെ മൂന്നാം ഗോളും നേടിയതോടെ ചിലിയുടെ പതനം പൂര്‍ത്തിയായി. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ചിലിക്കു ആശ്വാസ ഗോളിനുള്ള അവസരം ലഭിച്ചിരുന്നു. പക്ഷെ എഡ്വാര്‍ഡോ വര്‍ഗാസിന്റെ പെനാല്‍റ്റി പെറു ഗോളി വിഫലമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."