തുളുനാട്ടില്‍ അടിപതറാതിരിക്കാന്‍ മുന്നണികള്‍
ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചു പിടിക്കാന്‍ എല്‍.ഡി.എഫും അരയും തലയും മുറുക്കിയാണ് ഇക്കുറി അങ്കത്തട്ടില്‍. 2010 ല്‍ ഒന്‍പത് സീറ്റുകള്‍ നേടി ഭരണത്തിലേറിയ എല്‍.ഡി.എഫിന് കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ ഭരണം നഷ്ടപ്പെട്ടു. എല്‍.ഡി.എഫിന്റെ കൂടെയുണ്ടായിരുന്ന ഡി.ഐ.സി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ കൈയിലെത്തിയത്.
തുടര്‍ന്ന് 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എട്ടു സീറ്റുകള്‍ നേടി തുടര്‍ഭരണം നേടി. ആകെയുള്ള 17 ഡിവിഷനുകളില്‍ 2015 ല്‍ യു.ഡി.എഫ് എട്ടും എല്‍.ഡി.എഫ് ഏഴും സീറ്റുകള്‍ കരസ്ഥമാക്കി. രണ്ടു സീറ്റുകള്‍ ബി.ജെ.പിക്കായിരുന്നു. അതേസമയം ബി.ജെ.പിയ്ക്ക് 2010 നെ അപേക്ഷിച്ചു 2015 ല്‍ ഒരു സീറ്റ് അധികമായി ലഭിച്ചു. 2014 ലെ അവസാന വര്‍ഷവും, കൈയെത്താവുന്ന ദൂരത്തില്‍ 2015 ലും ഭരണം നഷ്ടപ്പെട്ട എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ ഒട്ടനവധി അനുകൂല ഘടകങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ എന്തു വില കൊടുത്തും തുടര്‍ഭരണമെന്ന ലക്ഷ്യവുമായി യു.ഡി.എഫും കളത്തിലിറങ്ങിയതോടെ പോരാട്ടം കനത്തിട്ടുണ്ട്.
കഴിഞ്ഞ ഭരണ സമിതിയില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഷാനവാസ് പാദൂര്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്വതന്ത്രനായി ഇപ്രാവശ്യം മത്സരിക്കുന്ന കാഴ്ചയും ജില്ലയിലുണ്ട്. ഇത്തവണ അധ്യക്ഷ സ്ഥാനം വനിതാ സംവരണമാണ്. രണ്ടു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ ഡിവിഷനിലെ പോര് എല്ലാവരും ഉറ്റുനോക്കുന്നതാണ്. മുസ്‌ലിം ലീഗിലെ സി.എം ശാസിയയും എല്‍.ഡി.എഫിലെ ബി.എച്ച് ഫാത്തിമത്ത് ഷംനയുമാണ് പെരിയ ഡിവിഷനിലെ സ്ഥാനാര്‍ഥികള്‍. ബി.ജെ.പിയിലെ ഗീതയും ഡിവിഷനില്‍ മത്സരിക്കുന്നുണ്ട്.
നിലവിലെ ഭരണസമിതിയില്‍ പ്രസിഡന്റായിരുന്ന എ.ജി.സി ബഷീര്‍, എല്‍.ഡി.എഫിലെ വി.പി.പി മുസ്തഫ ഉള്‍പ്പെടെയുള്ള നേതാക്കളൊന്നും ഇത്തവണ മത്സര രംഗത്തില്ല. ഇരു മുന്നണികളും ഓരോ ഡിവിഷനിലും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത് ഏറെ ശ്രദ്ധയോട് കൂടിയാണു താനും. ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഇരു മുന്നണികളും ഏറെ ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."