നവകേരള നിര്‍മിതിക്കായ് ആര്യം പാടത്ത് ഒരുങ്ങുന്നത് 800 ചേക്കുട്ടി പാവകള്‍
വടക്കാഞ്ചേരി: പഠനസമയങ്ങളിലെ ഇടവേളകള്‍ നവകേരള നിര്‍മാണത്തിന് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ച് ആര്യംപാടം സര്‍വ്വോദയം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ . എന്‍.എസ്.എസ് വളണ്ടിയര്‍മാരായ 120 കുട്ടികളും അധ്യാപകരും ഇതിനകം തന്നെ അതിജീവനദൗത്യത്തില്‍ ജനശ്രദ്ധ നേടി കഴിഞ്ഞ ചേക്കുട്ടി പാവകളുടെ നിര്‍മാണ വഴിയിലാണ്. ഇതിനകം 800 പാവകള്‍ കുട്ടികള്‍ നിര്‍മിച്ച് കഴിഞ്ഞു.
പ്രളയം തകര്‍ത്ത കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വ്രണിത ഹൃദയരായിരുന്നു കുട്ടികള്‍ . അന്ന് മുതല്‍ തുടങ്ങിയതാണ് ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടിയുള്ള അടങ്ങാത്ത ദാഹം. ഇതിനിടയിലാണ് പ്രളയത്തില്‍ നശിച്ച ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ കഷ്പാടുകളും വേദനയും കണ്ടറിയുന്നത്.
ഇതോടെ ഈ പാവങ്ങളെ ജീവിതത്തിലേയ്ക്ക് കരകയറ്റാനുള്ള പോരാട്ടത്തില്‍ കണ്ണി ചേരാന്‍ തീരുമാനമെടുക്കുകയായിരുന്നു. അങ്ങനെ ചേക്കുട്ടി പാവകളുടെ നിര്‍മാണത്തില്‍ പരിശീലനം നേടി. പ്രളയത്തില്‍ ചെളി മൂടിയ കൈത്തറി സാരികള്‍ അണുവിമുക്തമാക്കി. നശിച്ച നൂലുകള്‍ക്ക് പുനര്‍രൂപം നല്‍കി. ഇങ്ങനെയാണ് പാവനിര്‍മാണം ആരംഭിച്ചത്.
ഒരു സാരിയില്‍ നിന്ന് 350 പാവകളാണ് നിര്‍മിച്ചത്. കുട്ടികള്‍ നിര്‍മിച്ച പാവകള്‍ വാഹനങ്ങളിലും വീടുകളിലുമൊക്കെ അലങ്കാരമാകുമ്പോള്‍ അത് പ്രളയ അതിജീവനത്തിന്റെ നിത്യസ്മാരകമാകും. വിദഗ്ധ പരിശീലനം നേടിയ കുട്ടികളാണ് പാവ നിര്‍മാണം നടത്തുന്നത്. സുന്ദരി പാവകള്‍ക്ക് വന്‍ ഡിമാന്റുണ്ടെങ്കിലും തല്‍കാലം വിപണിയില്‍ വില്‍പ്പന നടത്തില്ല.
ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കുന്ന സംഘടനയ്ക്ക് കൈമാറും. അടുത്ത ദിവസം പാവകളുടെ കൈമാറ്റം നടക്കും.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അനുഭവമാണ് ചേക്കുട്ടി പാവ നിര്‍മാണമെന്ന് കുട്ടികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."