പി.കെ.വി പുരസ്‌കാരം മന്ത്രി ശൈലജക്ക്
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായരുടെ പേരിലുള്ള പതിമൂന്നാമത് പി.കെ.വി പുരസ്‌കാരത്തിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തു. പൊതു രംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പി.കെ.വിയുടെ ജന്മനാടായ കിടങ്ങൂരില്‍ രൂപീകരിച്ച പി.കെ.വി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍ ഹൈക്കോടതി ജഡ്ജിയും കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതി ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് എസ്.എസ് സതീശ് ചന്ദ്രന്‍ ചെയര്‍മാനും കവി കുരീപ്പുഴ ശ്രീകുമാര്‍, എഴുത്തുകാരനും മുന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ അംഗവുമായ അഡ്വ. യു.സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും അഡ്വ. പി.കെ ചിത്രഭാനു സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഉണര്‍വും ഉത്തേജനവും നല്‍കി സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നേതൃത്വം നല്‍കിയ ഭരണാധികാരി എന്ന നിലയിലാണ് മന്ത്രി ശൈലജ അവാര്‍ഡിന് അര്‍ഹയായതെന്ന് ജൂറി വിലയിരുത്തി. 10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 12ന് വൈകിട്ട് 4.30ന് പി.കെ.വിയുടെ ജന്മനാടായ കിടങ്ങൂരില്‍ ഗവ.ബോയ്‌സ് എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജൂറി സെക്രട്ടറി അഡ്വ. പി.കെ ചിത്രഭാനു, പി.കെ.വി സെന്റര്‍ ഭാരവാഹികളായ ജി.വിശ്വനാഥന്‍ നായര്‍, അഡ്വ. തോമസ് വിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."