ജില്ലയിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരത്തേക്ക് ചെറുവാളൂര്‍ ഉസ്താദ്
തൃശൂര്‍: കഴിഞ്ഞ നാലു പതിറ്റാണ്ടായി ജില്ലയില്‍ ആത്മീയ രംഗത്ത് നിറസാന്നിദ്ധ്യമാണ് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാര്‍ എന്ന ശംസുല്‍ ഉലമയുടെ പ്രിയ ശിഷ്യന്‍. കേരളത്തിലെ ആത്മീയ സദസുകളിലെ നിറ സാന്നിധ്യമായ അദ്ദേഹം സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റുമാണ്.
1947 മാര്‍ച്ച് 15ന് പൊന്നാക്കാരന്‍ സൈതാലിയുടേയും പ്രമുഖ പണ്ഡിതനും സമസ്തയുടെ ആദ്യകാല മുശാവറ അംഗവുമായ കുളപ്പുറം കുഞ്ഞമ്മദ് മുസ്‌ലിയാരുടെ സഹോദരി ആയിശയുടേയും മകനായി മലപ്പുറം ജില്ലയിലെ ഏലംകുളം തെക്കുപുറം പാലത്തോളില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസം നാട്ടിലെ ഓത്തുപള്ളിയില്‍ നിന്നും പാലത്തോള്‍, ഏലംകുളം സ്‌കൂളുകളില്‍ നിന്നും നേടി. തുടര്‍ന്ന് ദര്‍സ് പഠനത്തിലേക്ക് തിരിഞ്ഞു. മപ്പാട്ടുകര, മല്ലിശ്ശേരി, വെള്ളില, ഒടമല എന്നിവിടങ്ങളിലായി കീഴാടയില്‍ മമ്മദ് മുസ്‌ലിയാര്‍, മല്ലിശ്ശേരി മൂസ മുസ്‌ലിയാര്‍, ചെത്തനാംകുറുശ്ശി കുഞ്ഞു മുസ്‌ലിയാര്‍, നാട്യമംഗലം സൈതാലി മുസ്‌ലിയാര്‍, കൊടശ്ശേരി ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവരുടെ കീഴിലായി ദര്‍സ് പഠനം നടത്തി.
1972ല്‍ ഉപരിപഠനാര്‍ഥം പട്ടിക്കാട് ജാമിഅനൂരിയ്യയില്‍ ചേര്‍ന്നു. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, യൂസുഫ് ഹാജി കാസര്‍ഗോഡ് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഉസ്താദുമാര്‍.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹാജി കെ മമ്മദ് ഫൈസി, സുലൈമാന്‍ ഫൈസി മാളിയേക്കല്‍ തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.
1974ല്‍ ഫൈസി ബിരുദം നേടിയ അദ്ദേഹം ഒക്ടോബര്‍ 30ന് ചാലക്കുടിക്കടുത്ത ചെറുവാളൂരില്‍ മുദരിസും ഖത്വീബുമായി സേവനം തുടങ്ങി. 32 വര്‍ഷക്കാലം അദ്ദേഹത്തിന്റെ സേവന കേന്ദ്രമായിരുന്നു ചെറുവാളൂര്‍. 2006 മുതല്‍ പാലപ്പിള്ളി ദാറുതഖ്‌വ ഇസ്‌ലാമിക് അക്കാഡമി പ്രിന്‍സിപ്പളാണ്. സമസ്ത മുകുന്ദപുരം താലൂക്ക് പ്രസിഡന്റായി സംഘടനാ രംഗത്ത് സജീവമായ അദ്ദേഹം 2016ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, കോ ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ്( സി.ഐ.സി) അസി.റെക്ടര്‍, തെക്കുംപുറം പാലത്തോള്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."