മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
തളിപ്പറമ്പ്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. മകന്‍ പൊലിസ് കസ്റ്റഡിയില്‍. ഒടുവള്ളി ചാണോക്കുണ്ടിലെ പുലിക്കിരി ആദിച്ചന്‍ (74) ആണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാജേഷിനെ (30) നെ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ഷൈന്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ജൂണ്‍ 22ന് വൈകിട്ട് മറ്റൊരു മകനായ വിജയന്‍ വീട്ടിലെത്തിയപ്പോള്‍ ആണ് കട്ടിലില്‍ ചോരയൊലിപ്പിച്ച നിലയില്‍ കിടക്കുന്ന ആദിച്ചനെ കണ്ടത്. വിവരം ചോദിച്ചപ്പോഴാണ് മകന്‍ രാജേഷ് മര്‍ദിച്ചതായി പറഞ്ഞത്. എന്നാല്‍ 23ന് രാവിലെ മാത്രമാണ് ഇദ്ദേഹത്തെ ഒടുവള്ളി സി.എച്ച്.സിയിലും അവിടെനിന്ന് മെഡിക്കല്‍ കോളജിലും എത്തിച്ചത്. 22ന് പകല്‍ ആദിച്ചന്റെ മക്കളായ രാജേഷും വിജയനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ രാത്രി മദ്യപിച്ചെത്തിയ രാജേഷും ആദിച്ചനുമായി വാക്കേറ്റം നടന്നുവെന്നും വിജയന്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ മൊഴിപ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ചായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് പൊലിസ് പറഞ്ഞു. ആദിച്ചന്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും നടന്നു പോകുന്നതിനിടയില്‍ വീഴ്ച പറ്റിയാലും തലയില്‍ ഇതുപോലുള്ള മുറിവ് ഉണ്ടാകാമെന്ന ഫോറന്‍സിക് സര്‍ജന്റെ നിഗമനം ഉണ്ടെന്നും പൊലിസ് പറഞ്ഞു. പരേതയായ നാരായണിയാണ് ആദിച്ചന്റെ ഭാര്യ. മറ്റ് മക്കള്‍: സത്യന്‍, വിജേഷ്, പരേതരായ രാജന്‍, ശശി. മരുമക്കള്‍: ശാരദ, ശോഭ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."