കുഴൂര്‍ ഗവ. ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കണമെന്ന് എസ്.എസ്.എല്‍.സി ബാച്ചുകള്‍ നേടുന്നത് നൂറുമേനി വിജയം
മാള: ശതാബ്ദിയാഘോഷം പിന്നിട്ട കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍രംഗത്ത്. 1914 (മലയാള വര്‍ഷം 1088) ല്‍ പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് പഴയകാല പ്രതാപത്തിലെത്തിക്കേണ്ടതിനും ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഇവിടെ ആരംഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. മുന്‍പ് 2500 ഓളം കുട്ടികള്‍ വരെ അധ്യയനം നടത്തിയ വിദ്യാലയത്തില്‍ നിന്നും ഓരോ വര്‍ഷവും എസ്.എസ്.എല്‍.സി ബാച്ചുകള്‍ ഉയര്‍ന്ന വിജയശതമാനത്തോടെ ഇവിടെ നിന്നും പോകുമ്പോള്‍ മൊത്തമുള്ള കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. കുട്ടികളെ സ്‌കൂളിലെത്തിക്കാനായി ഓരോ വര്‍ഷവും അധ്യാപകരും, പി.ടി.എയും രംഗത്തിറങ്ങുമ്പോള്‍ ഹയര്‍ സെക്കന്‍ഡറിയും വാഹനവും ഇല്ലല്ലോയെന്ന ചോദ്യമാണ് രക്ഷിതാക്കളില്‍ നിന്നും നേരിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭൗതികവും അക്കാദമികവും അക്കാദമികേതരവുമായ രംഗങ്ങളില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായിട്ടും തൊട്ടടുത്ത് നിന്നുമുള്ള വിദ്യാര്‍ഥികള്‍ പോലും വളരെയേറെ അകലെയുള്ള സ്വകാര്യ വിദ്യാലയങ്ങളെ തേടി പോകുകയാണ്. വിദ്യായത്തിലെ അധ്യാപകരുടെ തികഞ്ഞ ആത്മാര്‍ത്ഥത മൂലം ഉന്നത വിജയശതമാനമുണ്ടാകുന്നത് കണ്ടറിഞ്ഞെത്തുന്നവര്‍ മാത്രമാണ് ഇവിടെ കുട്ടികളെ ചേര്‍ക്കുന്നത്.
1988 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് നൂറുശതമാന്നത്തിന്റെ തിളക്കത്തോടെ പുറത്തിറങ്ങിയത് മുതല്‍ തുടരുന്ന വിജയത്തിളക്കത്തിന്റെ മാറ്റ് ഒരോ വര്‍ഷവും കൂടുകയാണ്. ഈവര്‍ഷം 30 കുട്ടികളടങ്ങിയ ബാച്ച് ഉയര്‍ന്ന ഗ്രേഡോടെയാണ് നൂറുശതമാനം വിജയം നേടിയത്. 70 ശതമാനം കുട്ടികള്‍ 82 മുതല്‍ 97 ശതമാനം വരെ മാര്‍ക്കും ബാക്കിയുള്ളവര്‍ അതിന് തൊട്ടു താഴേയുമാണ് 2016-17 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മാര്‍ക്ക് നേടിയത്. സി ഗ്രേഡ് മുതലാണ് മറ്റ് വിദ്യാലയങ്ങളില്‍ നിന്നും തള്ളിവിട്ട കുട്ടികളടക്കമുള്ള ബാച്ച് നേടിയത്. തികഞ്ഞ ആത്മാര്‍ഥതയോടെ അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായി നടത്തി വരുന്നത്. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും സ്‌കൂളിനെ അപ്പ് ഗ്രേഡ് ചെയ്യുകയും വാഹന സൗകര്യം ഏര്‍പെടുത്തുകയും ചെയ്യണമെന്നാണ് രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഉയരുന്ന ആവശ്യം. ഇത്തവണ ഹയര്‍ സെക്കന്‍ഡറിയുള്ളിടങ്ങളില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഉത്തരവാണുണ്ടായത്. ഈ നടപടി കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹങ്ങളിലൊന്നാണ് എന്നാണ് ഉയരുന്ന ആക്ഷേപം. നിലവില്‍ ഓരോ ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളിലും 50 ല്‍പരം വിദ്യാര്‍ഥികളാണുള്ളത്. ഇതിലൂടെ 20 ശതമാനമായ 10 പേര്‍ കൂടിയാകും. ഇതിലേക്ക് ഭിന്നശേഷിക്കാരും അനാഥാലയങ്ങളില്‍ നിന്നുമുള്ളവരുമാകുമ്പോള്‍ 70 വിദ്യാര്‍ഥികള്‍ വരെയാകും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒരു പരിധി വരെയെങ്കിലും സൗകര്യങ്ങളുണ്ടാകുമെങ്കിലും മാനേജ്‌മെന്റ് വിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ നാമമാത്രമായിരിക്കും.
തിങ്ങിഞ്ഞെരുങ്ങി വിദ്യാര്‍ഥികളിരിക്കുന്നതിലേക്കാണ് ഇനിയും വിദ്യാര്‍ഥികളെ എത്തിക്കാനുള്ള ശ്രമം. സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും മാത്രം താല്‍പര്യമുള്ള ഈ നടപടി ഹയര്‍ സെക്കന്‍ഡറി പ്രതീക്ഷിച്ച് അതിനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളെയാണ് ദോഷകരമായി ബാധിക്കുക. കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി അനുവദിക്കുകയാണെങ്കില്‍ ക്ലാസ്സുകള്‍ നടത്താനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും തയ്യാറാണ്.
ക്ലാസ്സുകളാരംഭിച്ചതിന് ശേഷം 30-20 കണക്കിനുള്ള ക്ലാസ്സുകളടങ്ങിയ കെട്ടിടം പണിയാനാവശ്യമായ സ്ഥലസൗകര്യവും ഇവിടെയുണ്ട്. സൗകര്യപ്രദമായ ലാബും ലൈബ്രറിയും ഇവിടെയുണ്ട്. ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാവശ്യമായതിലുമധികം വിദ്യാര്‍ഥികള്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഓരോ വര്‍ഷവും ഹൈസ്‌കൂള്‍ തലം വിടുന്നുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാനാകുന്ന പഞ്ചായത്തിന്റെ ഹൃദയഭാഗമെന്ന് പറയാവുന്നയിടത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗ്രാമപഞ്ചായത്തില്‍ ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ അയല്‍ ജില്ലകളില്‍ വരെയാണ് പഞ്ചായത്തിലെ കുട്ടികള്‍ പ്ലസ് ടു പഠനത്തിനായി പോകുന്നത്.
ഏറെ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും ഈ വിദ്യാലയത്തിന് ഹയര്‍ സെക്കന്‍ഡറി അനുവദിക്കാത്തതില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഒരു പഞ്ചായത്തില്‍ ഒന്നിലേറെ ഹയര്‍ സെക്കന്‍ഡറി അനുവദിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ പുലര്‍ത്തുമ്പോള്‍ സമീപ പഞ്ചായത്തായ മാളയില്‍ എയ്ഡഡ് മേഖലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു വിദ്യാലയം അനൗദ്യോഗികമായും ഹയര്‍ സെക്കന്‍ഡറി നടത്തുന്നുണ്ട. 2013 ല്‍ ശതാബ്ദി ആഘോഷിച്ച വിദ്യാലയത്തിന് പ്രത്യേക പരിഗണന നല്‍കി ഈ വര്‍ഷം തന്നെ ഹയര്‍ സെക്കന്‍ഡറി അനുവദിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."