സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് യോഗം ഇന്ന്; വിമത വൈദികര്‍ക്കെതിരേ നടപടിയെടുത്തേക്കും
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വിമത വൈദികര്‍ പരസ്യപ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തില്‍ സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് യോഗം ഇന്ന് ചേരും. കര്‍ദിനാളിനെതിരേ പരസ്യമായി പ്രസ്താവനയിറക്കിയതിനും യോഗം ചേര്‍ന്നതിനും വിമത വൈദികര്‍ക്കെതിരേ എടുക്കേണ്ട നടപടി യോഗത്തില്‍ ചര്‍ച്ചയാകും. വിവാദമായ സഭാ ഭൂമിയിടപാടിനെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന കര്‍ദിനാള്‍ ആലഞ്ചേരിക്ക് വത്തിക്കാന്‍ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല നല്‍കിയതിനെതിരേ ഒരു വിഭാഗം വൈദികര്‍ പരസ്യപ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
ആലഞ്ചേരി സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ഭരണച്ചുമതല വഹിച്ചിരുന്ന മുന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. ബിഷപ് മനത്തോടത്ത് ഇപ്പോള്‍ റോമിലാണുള്ളത്. മനത്തോടത്തിനെ മാറ്റി നിര്‍ത്തിയാല്‍ തലശേരി, തൃശൂര്‍, കോട്ടയം, എറണാകുളം അങ്കമാലി അതിരൂപതകളുടെ അധ്യക്ഷന്മാരാണ് സ്ഥിരം സിനഡില്‍ പങ്കെടുക്കുക.
ഇന്ന് ചേരുന്ന സിനഡിന്റെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്നെയാകും. ഏതാണ്ട് ഇരുന്നൂറിലേറെ വൈദികരാണ് സ്വന്തം അതിരൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപായ ആലഞ്ചേരിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭാചരിത്രത്തില്‍ത്തന്നെ ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം. ഇത് കടുത്ത അച്ചടക്കലംഘനമായിട്ടാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്.
വത്തിക്കാന്റെ തീരുമാനത്തെ എതിര്‍ക്കുന്നതായിരുന്നു ഈ വൈദികരുടെ പ്രതിഷേധയോഗമെന്നാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്. ഇവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് സഭാ നേതൃത്വം. അതിനാലാണ് നടപടി ചര്‍ച്ച ചെയ്യാന്‍ സ്ഥിരം സിനഡ് വിളിച്ചിരിക്കുന്നത്.
വിമതപക്ഷത്തുള്ള വൈദികരുടെ പട്ടികയും വിശദാംശങ്ങളും സഭാ നേതൃത്വം സിനഡിന് കൈമാറും. ഇവര്‍ക്കെതിരേ നടപടി വേണമെന്നാണ് സഭാ നേതൃത്വത്തിന്റെ ആവശ്യം. നേരത്തേയും കര്‍ദിനാളിന് പിന്തുണ പ്രഖ്യാപിച്ച സിനഡ് അദ്ദേഹത്തിന് അനുകൂലമായ ഒരു തീരുമാനം തന്നെ എടുത്തേക്കും എന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ നടപടിയുമായി മുന്നോട്ടുപോയാല്‍ തെരുവില്‍ സഭാ നേതൃത്വത്തിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് വിമതപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമി ഇടപാട് ആരോപണത്തെ തുടര്‍ന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വത്തിക്കാന്‍ ചുമതല തിരികെ നല്‍കിയത്.
അച്ചടക്ക നടപടി വേണം:വത്തിക്കാന് പരാതി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഒരു വിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ അച്ചടക്ക നടപടി വേണമെന്ന് ആവശ്യം.
കര്‍ദിനാള്‍ അനുകൂല അല്‍മായ സംഘടന ഇന്ത്യന്‍ കത്തോലിക്ക ഫോറം ആണ് വിമത വൈദികര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."