കരിപ്പൂരും നെടുമ്പാശേരിയും ഒരുങ്ങി
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം തീര്‍ഥാടനത്തിന് പുറപ്പെടുന്നവര്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും കരിപ്പൂരിലും നെടുമ്പാശേരിയിലും പൂര്‍ത്തിയായതായി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരിപ്പൂരില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനവും വനിതാ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നാളെ വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനാവും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. കരിപ്പൂരില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 7ന് ഉച്ചയ്ക്ക് 2.25ന് പുറപ്പെടും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും.
ക്യാംപ് ഉദ്ഘാടന ദിവസം 2,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് . 15,000 ത്തില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്ന പന്തലും സജ്ജമാക്കി കഴിഞ്ഞു. കരിപ്പൂരില്‍നിന്ന് 10,732 ഉം, നെടുമ്പാശേരിയില്‍നിന്ന് 2,740 പേരും ഉള്‍പ്പെടെ 13, 472 തീര്‍ഥാടകരാണ് ഇത്തവണ സംസ്ഥാനത്തുനിന്ന് യാത്രയാകുന്നത്. മലപ്പുറം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത്. 3,830 പേരാണ് മലപ്പുറത്തു നിന്നുള്ളത്. ആകെയുള്ള ഹാജിമാരില്‍ 60 ശതമാനവും സ്ത്രീകളാണ്. 5,446 പുരുഷന്മാര്‍, 8,026 സ്ത്രീകള്‍, 19 കുട്ടികളുമാണ് യാത്രാ സംഘത്തിലുള്ളത്. 1,199 പേര്‍ 70 വയസിനു മുകളിലുള്ളവരാണ്. സ്ത്രീകള്‍ കൂടുതലായതിനാല്‍ അവര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. 55പേരെയാണ് സെല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് ഹൗസില്‍ ഒരേ സമയം 700 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട്, മറ്റു യാത്രാ രേഖകള്‍ എന്നിവയുടെ ചുമതല ഹജ്ജ് സെല്ലിനായിരിക്കും. നെടുമ്പാശേരി ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം 13ന് വൈകിട്ട് 5ന് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിക്കുന്നത്. മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക്, ഹജ്ജ് കമ്മിറ്റി മെംബര്‍മാരായ അബ്ദുറഹിമാന്‍ എന്ന ഇണ്ണി, മുസ്‌ലിയാര്‍ സജീര്‍, മുസമ്മില്‍ ഹാജി, അനസ് ഹാജി, ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരായ കെ.ടി അബ്ദുറഹിമാന്‍, ഷിറാസ്, അസൈന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."