കൊയിലാണ്ടിയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു
കൊയിലാണ്ടി: ഹരിതനഗരമായി പ്രഖ്യാപിച്ച കൊയിലാണ്ടി ടൗണില്‍ മാലിന്യങ്ങള്‍കൊണ്ട് പൊറുതിമുട്ടി ജനം. പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡരികിലാണ് ഒരാള്‍ ഉയരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ദിവസങ്ങളായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗര ശുചീകരണ കാംപയിന്‍ നടക്കുകയാണ്. കൊയിലാണ്ടിയെ ഹരിതനഗരമായി പ്രഖ്യാപിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സാന്നിധ്യത്തില്‍ 'ക്ലീന്‍ കൊയിലാണ്ടി' പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് പ്രഖ്യാപനങ്ങളും പ്രചരണങ്ങളും നിരന്തരം നടക്കുന്നുണ്ടെങ്കിലും നഗരത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ നഗരസഭക്ക് കഴിയുന്നില്ലന്ന ആക്ഷേപം ശക്തമാണ്.
വര്‍ഷങ്ങളായി റെയില്‍വേ മേല്‍പ്പാലത്തിന് അടിഭാഗത്താണ് നഗരത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കുഴിയെടുത്ത് നിക്ഷേപിക്കുന്നത്. ടൗണില്‍ വിവിധയിടങ്ങളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്. മാലിന്യ നിര്‍മാര്‍ജന പ്രവൃത്തികള്‍ ലക്ഷ്യം കാണാതെ പോവുന്നതിനാല്‍ ജനം പകര്‍ച്ചവ്യാധി രോഗങ്ങളുടെ ഭീഷണിയിലാണ്. ടൗണില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത് നഗരസഭ കണ്ടിജന്‍സി ജീവനക്കാര്‍ തന്നെയാണന്നാണ് വ്യാപാരികളും സമീപവാസികളും പറയുന്നത്. മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി ജീവനക്കാര്‍ ജോലി എളുപ്പമാക്കുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."