ഇരിട്ടിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
ഇരിട്ടി: ഇരിട്ടിയില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച പത്തോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഛര്‍ദിയും വയറിളക്കവുമായി ഇരിട്ടി മേഖലയിലെ പത്തോളം പേര് ഇരിട്ടിയിലും ഇതരസംസ്ഥാനങ്ങളിലുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരിട്ടി ടൗണിനടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ നിന്ന് ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.
ഇരിട്ടിക്കടുത്ത് വട്ടിയറ കരിയലില് ഗാര്‍മെന്റ്സ് ഷോപ്പ് നടത്തുന്ന കാക്കയങ്ങാട് കൊടുംകയത്തില്‍ ഹൗസില്‍ ബെന്നി (52), ഭാര്യ ഷൈനി (47), മകള്‍ ഐവിന് ബെന്നി (13), ലിറ്റിന്ബെന്നി (18), ആറളം പോതിയോടം മുക്കില്‍ യമാമ ക്വാര്‍ട്ടേര്‍സില്‍ എന്‍.പി മുഹമ്മദ് അസ്ലം (37), ഭാര്യ ഫാത്തിമ (26), ഭാര്യാമാതാവ് ഖദീജ (46), കീഴൂര്‍ കൂളി ചെമ്പ്രയില്‍ ഷാരോണ്‍ ഹൗസില്‍ ലൂക്കോസിന്റെ മകന് ആല്‍ബര്‍ട്ട് ലൂക്കോസ് (14), സഹോദരന് ഷാരോണ്‍ ലൂക്കോസ്(18) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതില്‍ കാക്കയങ്ങാട് സ്വദേശിനിയായ ലിറ്റിന്ബെന്നി മൈസുരുവിലും ഷാരോണ്‍ മംഗളൂരുവിലുമാണ് ചികിത്സയിലുള്ളത്. മറ്റുള്ളവര്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയെപ്പറ്റി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യ വകുപ്പും ഇരിട്ടി താലൂക്ക് ആശുപത്രി ആരോഗ്യ വകുപ്പധികൃതരും സംയുക്തമായി ആശുപത്രിയിലെത്തി ചികിത്സയിലായവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."