രാജഗിരി-ജോസ്ഗിരി റോഡ്; ടാറിങില്‍ ക്രമക്കേടെന്ന് ആക്ഷേപം
ചെറുപുഴ: രാജിഗിരി-ജോസ്ഗിരി റോഡ് ടാറിങില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ടാറിങ് നടത്തി മൂന്നുമാസത്തിനുള്ളില്‍ മിക്കയിടത്തും ടാര്‍ ഇളകിയും പാര്‍ശ്വഭാഗങ്ങള്‍ ഇടിഞ്ഞും റോഡ് തകര്‍ച്ചയിലായി. ഇതോടെ ജനകീയ കമ്മറ്റി കരാറുകാര്‍ക്കെതിരേയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും പ്രതിഷേധവുമായി രംഗത്തെത്തി.
അഞ്ച് കിലോമീറ്റര്‍ ദൂരംവരുന്ന റോഡ് നവീകരിക്കുന്നതിന് സി. കൃഷ്ണന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് 1.9 കോടി രൂപ വകയിരുത്തിയത്. കലുങ്കുകള്‍, ഓവുചാല്‍, പാര്‍ശ്വഭിത്തി എന്നിവ ഉള്‍പ്പെടെ റോഡ് വീതികൂട്ടി പൂര്‍ണമായും റീടാറിങ് നടത്താനായിരുന്നു കരാര്‍. എന്നാല്‍ ഓവുചാല്‍ നിര്‍മിക്കുന്നതിന് മുന്നേ ടാറിങ് പൂര്‍ത്തിയാക്കി. ഇതോടെ മഴവെള്ളം കുത്തിയൊഴുകി റോഡിന്റെ പാര്‍ശ്വഭാഗങ്ങള്‍ പലയിടത്തും തകര്‍ന്നു. കലുങ്ക് നിര്‍മിച്ചിടത്ത് അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യാതിരുന്നതോടെ മണ്ണിടിഞ്ഞ് പാലം തന്നെ തകരുന്ന സ്ഥിതിയാണ്. മറ്റൊരു കലുങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നിടത്തും അശാസ്ത്രീയമായാണ് നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പാര്‍ശ്വഭിത്തി ആവശ്യമായ ഇടങ്ങളില്‍ അത് കെട്ടാതെ നിലവിലുണ്ടായിരുന്നത് പുതുക്കി പണം തട്ടിയതായും ആക്ഷേപമുണ്ട്. റോഡ് പത്ത് മീറ്ററായി വീതികൂട്ടുന്നതിന് ജനകീയ കമ്മറ്റി സ്ഥലം ഏറ്റെടുത്ത് നല്‍കിയെങ്കിലും കരാറുകാര്‍ ഗൗനിച്ചില്ല. ടാറിങ് നടത്തി മാസങ്ങള്‍ പിന്നിടും മുന്നേ ഇളകിത്തുടങ്ങിയതോടെ സമൂഹ മാധ്യമങ്ങള്‍ ജനകീയ കമ്മറ്റിയെയും പഴിക്കാന്‍ തുടങ്ങി.
എന്നാല്‍ പ്രവൃത്തിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ കമ്മറ്റിയംഗങ്ങളെ വകവയ്ക്കാത്ത നിലപാടാണ് കരാറുകാര്‍ കൈക്കൊണ്ടതെന്ന് കമ്മറ്റിക്കാര്‍ പറയുന്നു.
പരാതി പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയറെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് ഗൗരവമായി ഇടപെടുന്നില്ലെങ്കില്‍ തുടര്‍ പ്രവൃത്തികള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."