മഴ കനക്കും മുന്‍പേ തിരുവമ്പാടി വെള്ളത്തില്‍
തിരുവമ്പാടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തിരുവമ്പാടി ടൗണും ബസ് സ്റ്റാന്‍ഡും വെള്ളത്തില്‍ മുങ്ങി. മഴ കനക്കും മുന്‍പേ തിരുവമ്പാടി ബസ് സ്റ്റാന്‍ഡ് അടക്കം വെള്ളത്തില്‍ മുങ്ങിയത് നാട്ടുക്കാരിലും വ്യാപാരികളിലും ആശങ്ക പരത്തിയിട്ടുണ്ട്. പ്രധാന നിരത്തുകളിലെ അഴുക്കുചാലുകള്‍ ലക്ഷങ്ങള്‍ മുടക്കി പുതുക്കിപ്പണിതിട്ടും മഴയെത്തിയാല്‍ റോഡ് വെള്ളത്തില്‍ മുങ്ങുന്നതിന് പരിഹാരം കണ്ടിട്ടില്ലെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു.
അഴുക്കുചാലിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളിലെ അഴുക്കുചാലുകളില്‍ നിന്നെത്തുന്ന വെള്ളം തിരുവമ്പാടി ബസ് സ്റ്റാന്‍ഡിനു പിന്നിലെ വയലിലേക്ക് ആശാസ്ത്രീയമായി പുറന്തള്ളുന്നതാണ് ടൗണില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിന് ഇടയാക്കുമെന്ന് ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. അതേസമയം മലയോരത്തെ കുടിവെള്ളക്ഷാമത്തിന് ഇന്നലെ പെയ്ത മഴ ആശ്വാസമേകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."