ഹോങ്കോങ്ങിനെ ചൊല്ലി ചൈന- ബ്രിട്ടന്‍ പോര്
ബെയ്ജിങ്: ഹോങ്കോങ്ങിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തരുതെന്ന് ചൈനക്ക് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ മുന്നറിയിപ്പ്. ഇതു തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹണ്ടിന്റെ പരാമര്‍ശം തീര്‍ത്തും അസ്വീകാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി.
ഹോങ്കോങില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തലിനുള്ള ഒരു കാരണമായി ഉപയോഗിക്കരുതെന്നാണ് ജെറമി ഹണ്ട് ചൈനയോട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ അതൃപ്തി അറിയിക്കാന്‍ ചൈനീസ് അംബാസിഡറെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും ചെയ്തു. ഹോങ്കോങ്ങിലെ പ്രക്ഷോഭകരെ പിന്തുണച്ച് ജെറമി ഹണ്ട് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ചൈനയുടെ പ്രതികരണം വന്നതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ സ്ഥിരം അണ്ടര്‍ സെക്രട്ടറിയായ സര്‍ സൈമണ്‍ മക്‌ഡൊണാള്‍ഡ് ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തിയത്. അതേസമയം ഇപ്പോഴും കൊളോണിയലിസത്തിന്റെ മങ്ങിയ പ്രതാപങ്ങളില്‍ മുഴുകിയിരിക്കുന്നവരാണ് മറ്റുള്ളവരെ പഠിപ്പിക്കാന്‍ വരുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് പരിഹസിച്ചു.
ഒരു മാസമായി ഹോങ്കോങ്ങില്‍ പതിറ്റാണ്ടിലെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് അരങ്ങേറുന്നത്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുനല്‍കാനുള്ള ബില്ലിനെതിരേ കടുത്ത ജനകീയപ്രക്ഷോഭമാണ് അവിടെ അരങ്ങേറുന്നത്. നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയ ഒരു വിഭാഗം സമരക്കാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കെട്ടിടത്തിന്റെ ചില്ലുവാതിലുകള്‍ അടിച്ചു തകര്‍ത്തിരുന്നു.
പണ്ട് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനയ്ക്ക് കൈമാറിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് വമ്പന്‍ ജനാധിപത്യ അനുകൂല റാലി നടന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറ്റവാളികൈമാറ്റ ബില്‍ ഹോങ്കോങ് പാരലമെന്റ് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
അതിനിടെ ഹോങ്കോങ് പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഇന്നലെ 12 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."