എഫ്.35 ഇടപാടില്‍ യു.എസ് നടത്തുന്നത് കൊള്ളയെന്ന് തുര്‍ക്കി
ഇസ്തംബൂള്‍: യു.എസില്‍ നിന്ന് തുര്‍ക്കി വാങ്ങിയ എഫ്.35 ജെറ്റ് വിമാനങ്ങള്‍ കൈമാറാതിരിക്കുന്നത് കൊള്ളയാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്. ഒരു ഉപഭോക്താവ് നിങ്ങള്‍ക്ക് പണം തന്നിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് വേണ്ട സാധനം കൊടുക്കേണ്ടേ? ഇല്ലെങ്കിലത് കൊള്ള തന്നെയാണ്- റഷ്യയില്‍ നിന്ന് എസ്-400 വിമാനവേധ മിസൈല്‍ സംവിധാനം വാങ്ങുന്നതിന്റെ പേരില്‍ യു.എസ് ഇടഞ്ഞതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
എഫ്.35 ഇടപാടില്‍ ഇതിനകം 140 കോടി ഡോളര്‍ തുര്‍ക്കി യു.എസിനു നല്‍കിക്കഴിഞ്ഞു. നാലു വിമാനങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ കരാറില്‍ പറയുന്നത് 116 എഫ്.35 യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്കു കൈമാറുമെന്നാണ്. തങ്ങള്‍ ഉപഭോക്താവു മാത്രമല്ല, സംയുക്ത നിര്‍മാതാവു കൂടിയാണ്. വിമനത്തിന്റെ ചില ഭാഗങ്ങള്‍ തുര്‍ക്കിയിലാണ് നിര്‍മിച്ചത്- അദ്ദേഹം വ്യക്തമാക്കി.
വിമാനങ്ങള്‍ അവശേഷിക്കുന്നവയെല്ലാം യു.എസിലാണ്. അസ്വാരസ്യമുണ്ടായതോടെ യു.എസിലുള്ള തുര്‍ക്കി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതും യു.എസ് നിര്‍ത്തിയതായി അദ്ദേഹം ആരോപിച്ചു.
അതേസമയം റഷ്യയുടെ എസ്-400 വാങ്ങിയാല്‍ എഫ്.35 വിമാനങ്ങള്‍ നല്‍കില്ലെന്നാണ് യു.എസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."