സിസ്റ്റര്‍ ലൂസി നല്‍കിയ പരാതി പൊലിസ് അവഗണിച്ചെന്ന്
മാനന്തവാടി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ നല്‍കിയ പരാതി പൊലിസ് അവഗണിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര.
സമൂഹമാധ്യമങ്ങളില്‍ മോശമായ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പൊലിസ് സ്റ്റേഷനുകളില്‍ പരാതിയുമായെത്തിയത്. എന്നാല്‍ പനമരം പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സിസ്റ്റര്‍ ലൂസിയെ യാതൊരു പരിഗണനയും നല്‍കാതെയും പരാതി സ്വീകരിക്കാതെയും തിരിച്ചയക്കുകയായിരുന്നു. പിന്നീട് പരാതി നല്‍കാന്‍ മാനന്തവാടി പൊലിസ് സ്റ്റേഷനിലെത്തിയെങ്കിലും അവിടെയും പരാതി സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഒരു പോലിസുകാരന്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്. പരാതി സ്വീകരിക്കാത്തതിനാല്‍ കരഞ്ഞപ്പോള്‍ ക്ഷമിക്കാന്‍ ആയിരുന്നു പൊലിസിന്റെ ഉപദേശം. അപകീര്‍ത്തിപ്പെടുത്തുന്നത് സഭയ്ക്കുള്ളില്‍ നിന്ന് തന്നെയാണോ എന്ന് സംശയിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. നീതി നടപ്പിലാക്കി തരാന്‍ പൊലിസ് തയാറാകണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. സൈബര്‍ നിയമപ്രകാരം മൊബെല്‍ ഫോണിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കേരളത്തിലെ ഏത് പൊലിസ് സ്റ്റേഷനിലും പരാതി നല്‍കാമെന്നിരിക്കെയാണ് സിസ്റ്ററുടെ പരാതി സ്വീകരിക്കാതെ പൊലിസ് തിരിച്ചയച്ച സംഭവം ഉണ്ടായിരിക്കുന്നത്. അതേ സമയം പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പനമരം പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."