ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു
മാനന്തവാടി: കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാ ബദല്‍ പാതയുടെ സര്‍വേ ഉദ്യോഗസ്ഥരെ അനുഗമിച്ചവര്‍ക്കെതിരേ വനം വകുപ്പ് കേസെടുത്തു.
ഉദ്യോഗസ്ഥര്‍ക്കൊപ്പം വനത്തില്‍ പ്രവേശിച്ച അമ്പായതോട് സ്വദേശികളായ പി. തങ്കപ്പന്‍, പി.എം ദേവസ്യ, എം.പി ചാക്കോ, ടി.എസ് സ്‌കറിയ, സുനില്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അനുമതിയില്ലാതെ വനത്തിനുള്ളില്‍ പ്രവേശിച്ചതിനാണ് ആറളം വന്യജീവി സങ്കേതത്തിലും നോര്‍ത്ത് വയനാട് ഡിവിഷനിലും ഇവര്‍ക്കെതിരേ ഓരോ കേസ് വീതം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനത്തില്‍ അതിക്രമിച്ച് കടക്കല്‍ (സെക്ഷന്‍ 27) വകുപ്പ് പ്രകാരമാണ് കേസ്. എന്നാല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരേ വനം വകുപ്പ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരേയും സംഘത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന കൂടുതല്‍ പോര്‍ക്കെതിരേയും അടുത്തദിവസം കേസെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. സര്‍വേ സംഘത്തിനൊപ്പം ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനുമുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ല. നിര്‍ദിഷ്ട അമ്പായത്തോട്-തലപ്പുഴ 44-ാം മൈല്‍ പാതക്കായി തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള കേരളാ റൂറല്‍ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി.വി നിഷ, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ 21നാണ് പ്രാഥമിക സര്‍വേ നടത്തിയത്. സര്‍വേ സംഘത്തെ നാട്ടുകാരും അനുഗമിക്കുകയായിരുന്നു. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബേഗൂര്‍ റെയ്ഞ്ചിലെയും ആറളം വന്യജീവി സങ്കേതത്തിലെ കൊട്ടിയൂര്‍ റെയ്ഞ്ചിലെയും വനഭൂമിയിലൂടെയായിരുന്നു സര്‍വേ. അനധികൃതമായി വനത്തില്‍ പ്രവേശിച്ച സര്‍വേ സംഘം വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരം തടസപ്പെടുത്തിയെന്നും വനത്തിന് നാശം വരുത്തിയെന്നും ആരോപണമുയര്‍ന്നതോടെയാണ് വനം വകുപ്പ് കേസെടുത്തത്. എന്നാല്‍ വനം വകുപ്പ് നടപടിക്കെതിരേ വിവിധകോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. വനം വകുപ്പ് ചില പരിസ്ഥിതി സംഘടനകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."