സമൂഹമാധ്യമങ്ങളിലെ സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു
കൊച്ചി: ഫേസ്ബുക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു നേരിട്ട സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു. ഫേസ്ബുക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില ആന്തരിക പ്രവര്‍ത്തന തകരാറുകള്‍ കാരണമാണ് ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിലും അയക്കുന്നതിലും പ്രശ്‌നം അനുഭവപ്പെട്ടതെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.
ഇപ്പോള്‍ നൂറു ശതമാനം പ്രവര്‍ത്തനയോഗ്യമാണെന്നും ട്വിറ്റിലൂടെ ഫേസ്ബുക് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് അഞ്ചു മുതലാണു ഫേസ്ബുക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നതില്‍ തടസം നേരിട്ടത്. വാട്‌സ് ആപ്പില്‍ വോയ്‌സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് ആവുന്നില്ലെന്നു പരാതിയുയര്‍ന്നു. ഫേസ്ബുക്കിലും ഇതുതന്നെയായിരുന്നു സ്ഥിതി. വാട്‌സാപ്പിലാണു കൂടുതല്‍ പേര്‍ക്കും പ്രശ്‌നം അനുഭവപ്പെട്ടത്.
എന്നാല്‍ സെര്‍വര്‍ തകരാറിലായ സമയത്ത് ഉണ്ടായ നഷ്ടം നികത്തുമോ എന്ന പരസ്യദാതാക്കളുടെ ചോദ്യത്തിന് ഫേസ്ബുക് മറുപടി നല്‍കിയിട്ടില്ല. ദശലക്ഷക്കണക്കിന് രൂപയാണ് പരസ്യത്തിലൂടെ ഈ സൈറ്റുകള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ തകരാറു നേരിട്ടപ്പോള്‍ പരസ്യദാതാക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫേസ്ബുക് അധികൃതര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."