ഇനി തീര്‍ഥാടക പ്രവാഹം; ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയില്‍
മദീന/മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് തുടക്കം കുറിച്ച് വിദേശ ഹാജിമാരുടെ സംഘം പുണ്യഭൂമിയില്‍ എത്തിത്തുടങ്ങി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ വന്നിറങ്ങിയ ആദ്യ സംഘത്തിന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. സഊദി ഹജ്ജ് മന്ത്രാലയം, സഊദി ജവാസാത്ത്, അതത് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങയവര്‍ ചേര്‍ന്ന് ആദ്യ സംഘങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.
ഇതോടൊപ്പം ആദ്യ മലയാളി ഹാജിമാരും മക്കയില്‍ എത്തി തുടങ്ങി. സ്വകാര്യ ഗ്രൂപ്പായ അല്‍ഹിന്ദിന് കീഴില്‍ കരിപ്പൂരില്‍ നിന്നും സ്‌പേസ്‌ജെറ്റ് വഴി പുറപ്പെട്ട 51 ഹാജിമാരാണ് മക്കയിലെത്തിയത്. ജിദ്ദ വഴിയാണ് ഇവര്‍ മക്കയില്‍ എത്തിയത്.
ജിദ്ദയിലാണ് ആദ്യ ഹജ്ജ് വിമാനം എത്തിയത്. ബംഗ്ലാദേശില്‍നിന്നുള്ള ഹാജിമാരായിരുന്നു ജിദ്ദ വിമാനത്താവളത്തില്‍ ആദ്യം എത്തിയത്. അതേസമയം, ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം പുലര്‍ച്ചെ മദീനയില്‍ എത്തിച്ചേര്‍ന്നു. ഇനിയങ്ങോട്ട് ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് വരെ ഇരു വിമാനത്താവളങ്ങള്‍ കൂടാതെ, തുറമുഖങ്ങള്‍ വഴിയും കര മാര്‍ഗവും വിദേശ ഹാജിമാരുടെ പ്രവാഹമായിരിക്കും.
ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘം ഷെഡ്യൂള്‍ പ്രകാരം സമയം പുലര്‍ച്ചെ 3.40നു തന്നെ മദീനയില്‍ ഇറങ്ങി. എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നുമെത്തിയ 419 തീര്‍ഥാടകരടങ്ങുന്ന ആദ്യ സംഘത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ ചേര്‍ന്നാണ് മദീന വിമാനത്താവളത്തില്‍ ഇന്ത്യന്‍ ഹാജിമാരെ സ്വീകരിച്ചത്. ഹജ്ജ് കോണ്‍സല്‍ യുഖൈബാം സാബിര്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മദീന ഇന്‍ ചാര്‍ജ് ശിഹാബുദ്ധീന്‍ എന്നിവരും വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കാനുണ്ടായിരുന്നു.
മദീനയിലെ മലയാളി സന്നദ്ധ സംഘടനകളായ കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം എന്നിവരും ഹാജിമാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ തന്നെ ഹാജിമാരെ സ്വീകരിക്കാനായി ഇവര്‍ നേരത്തേ തന്നെ മദീനയില്‍ എത്തിച്ചേര്‍ന്നിരുന്നു. മദീനയിലെത്തുന്ന ആദ്യ ഹജ്ജ് സംഘങ്ങള്‍ മദീനയിലെ എട്ട് ദിവസത്തെ താമസത്തിനു ശേഷം മക്കയിലേക്ക് തിരിക്കും. ദിനേന അഞ്ചു നേരമുള്ള നിര്‍ബന്ധ നിസ്‌കാരങ്ങള്‍ നാല്‍പതെണ്ണം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടുന്ന സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ആദ്യ ദിനത്തില്‍ ഡല്‍ഹിക്ക് പുറമേ ഗയ, ശ്രീനഗര്‍, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നായി എയര്‍ ഇന്ത്യയുടെ എട്ടു സര്‍വിസുകളും സ്‌പൈസ് ജെറ്റിന്റെ രണ്ടു സര്‍വിസുകളിലുമായി പത്ത് വിമാനങ്ങളാണ് മദീനയില്‍ എത്തിയത്. ഇന്നും നാളെയുമായി പത്ത് വിമാന സര്‍വിസുകളും തുടര്‍ന്ന് 14 സര്‍വിസുകളുമാണ് ഇന്ത്യയില്‍നിന്നു മദീനയിലേക്ക് ഉണ്ടാകുക.
മലയാളി ഹാജിമാരെയും വഹിച്ചുള്ള ഹജജ് കമ്മിറ്റിയുടെ ആദ്യ വിമാനം ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്കും അതേ ദിവസം തന്നെ മൂന്നു മണിക്കുമാണ് മദീനയില്‍ എത്തിച്ചേരുക. തുടര്‍ന്ന് 20-ാം തിയതി വരെ കരിപ്പൂരില്‍നിന്നു സഊദി എയര്‍ലൈനിന്റെ 35 വിമാനങ്ങളിലായി 10,500 ഹാജിമാരും ലക്ഷദ്വീപിലെ 352 ഹാജിമാരടക്കം നെടുമ്പാശേരിയില്‍നിന്ന് 14-ാം തിയതി മുതല്‍ എട്ട് വിമാനങ്ങളിലായി 2,800 മലയാളി ഹാജിമാരും പ്രവാചക നഗരിയിലെത്തും.
ഈ വര്‍ഷം രണ്ട് ലക്ഷം ഹാജിമാരാണ് ഇന്ത്യയില്‍നിന്ന് എത്തുന്നത്. ഇതില്‍ 60,000 ഹാജിമാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ശേഷിക്കുന്നവര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരാണ്.
മിനയില്‍ ഉയര്‍ന്നത് 10 ഇരുനില തമ്പുകള്‍
മക്ക: മിനയില്‍ കൂടുതല്‍ ഹാജിമാരെ ഉള്‍കൊള്ളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മിനയില്‍ ചരിത്രത്തില്‍ ആദ്യമായി നിര്‍മിച്ച ബഹുനില തമ്പുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
അനായാസം പൊളിച്ചു മാറ്റാവുന്ന തരത്തില്‍ അത്യാധുനിക സംവിധാനങ്ങളുമായി ഈ വര്‍ഷം പത്ത് തമ്പുകളാണ് നിര്‍മിച്ചത്.
ഏറെക്കാലമായി ഇതേ കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും നടന്നിരുന്നെങ്കിലും ആദ്യമായാണ് ഇതു നടപ്പാക്കുന്നത്. മിനയില്‍ ആദ്യമായി നിര്‍മിക്കുന്ന ബഹുനില തമ്പുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊളിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ഥമാണ് ഈ വര്‍ഷം പത്ത് തമ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഹാജിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായി മൂന്നു നിലകളിലായി പതിനാല് അടുക്കളകളും ഉണ്ടാകുമെന്നു തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള മുത്വവ്വിഫ് സ്ഥാപന ഭരണ സമിതി മേധാവി ഡോ: റഹ്ഫത് ബദര്‍ പറഞ്ഞു.
ബലി കര്‍മത്തിനുള്ള കൂപ്പണ്‍ നിരക്ക് നിശ്ചയിച്ചു; ഇന്ത്യന്‍ ഹാജിമാര്‍ക്ക് 9,150 രൂപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."