വയനാട്ടിലെ നെല്‍വയലുകള്‍ തീറ്റപ്പുല്‍ കൃഷിയിലേക്ക് വഴിമാറുന്നു
മാനന്തവാടി: മികച്ച വരുമാനം ലഭിച്ച് തുടങ്ങിയതോടെ വയനാട്ടിലെ വയലുകള്‍ തീറ്റപ്പുല്‍ കൃഷിയിലേക്ക് വഴിമാറുന്നു. ഒരു കിലോ തീറ്റപ്പുല്ലിന് നാല് രൂപയോളമാണ് ഇപ്പോഴത്തെ വില.
വാഴകൃഷിയും നെല്‍കൃഷിയും നഷ്ടമായതോടെയാണ് വയനാട്ടിലെ കര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷിയിലേക്ക് തിരിഞ്ഞത്. സി.ഒ 3, സി.ഒ 4 ഇനത്തില്‍പ്പെട്ട പുല്ലുകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. നന്നാക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വയലിലും കരയിലും ഒരുപോലെ കൃഷി ചെയ്യാം എന്നതാണ് തീറ്റപ്പുല്‍കൃഷിയുടെ വലിയ പ്രത്യേകത. മറ്റ് കൃഷിയെ അപേക്ഷിച്ച് ചാണകവെള്ളവും യൂറിയ വളവും മാത്രം മതി എന്നതാണ് ഏറെ പ്രയോജനകരമായി മാറുന്നത്. മാസത്തില്‍ രണ്ടുതവണ വിളവ് ലഭിക്കും എന്നതും തീറ്റപ്പുല്‍ കൃഷിയുടെ പ്രത്യേകതയാണ്.
ഒരുതവണ കൃഷിചെയ്താല്‍ മുന്ന് വര്‍ഷം വരെ വിളവ് ലഭിക്കും എന്നതും നിരവധി കര്‍ഷകരെയാണ് ഈ മേഖലയിലേക്ക് തിരിച്ചത്. ഒരു കിലോ തീറ്റപ്പുല്ലിന്ന് 3.50 മുതല്‍ നാല് രൂപയോളമാണ് വില ലഭിക്കുന്നത്. കുടാതെ വിവിധ ക്ഷീരസംഘങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ടും പുല്ല് ശേഖരിക്കുന്നുണ്ട്. പുല്ലിന് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ നിരവധി കര്‍ഷകരാണ് പുല്‍കൃഷിയിലേക്ക് തിരിഞ്ഞത്.കൂടാതെ മൃഗസംരക്ഷണ വകുപ്പും കൃഷിവകുപ്പും വിവിധ ധനസഹായ പദ്ധതികളും കര്‍ഷകര്‍ക്കായി നടപ്പിലാക്കി വരുന്നുണ്ട്. മികച്ച വരുമാനവും വിളവും ലഭിച്ചതോടെ നിരവധി കര്‍ഷകരാണ് തീറ്റപ്പുല്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."