പുതുമുഖ പ്പടയില്‍ ലീഗ്; ലക്ഷ്യം 'തദ്ദേശ'ത്തിന് യുവത്വം
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് അങ്കത്തില്‍ മുസ്‌ലിം ലീഗില്‍ പുതുമുഖങ്ങളുടേയും യുവനിരയുടേയും സ്ഥാനാര്‍ഥിപ്പട. പാര്‍ട്ടി ഭാരവാഹിത്വത്തിലും യുവജന, വിദ്യാര്‍ഥി നേതൃനിരയിലുമുള്ള പുതുമുഖങ്ങളെയാണ് പാര്‍ലമെന്ററി രംഗത്തേക്ക് ഇക്കുറി ലിഗ് 'കോണി' യിലൂടെ അങ്കത്തട്ടിലിറക്കിയിരിക്കുന്നത്.
യുവാക്കള്‍ക്കു പുറമെ, വര്‍ഷങ്ങളായി പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലത്തില്‍ പാര്‍ട്ടി ഘടകങ്ങളെ നയിക്കുന്നവരാണ് ആദ്യാവസരക്കാരായെത്തിയവരില്‍ പലരും. മുസ്്‌ലിം ലീഗിനു ശക്തമായ സ്വാധീനമുള്ള മലപ്പുറത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും നിലവിലെ അംഗങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നുള്ളൂ. ഇവിടെ ഇത്തവണ 91.46 ശതമാനം പേരും പുതുമുഖങ്ങളാണ്. നിലവിലെ അംഗങ്ങളില്‍ 8.54 പേര്‍ മാത്രമാണ് ഇത്തവണ വീണ്ടും ജനവിധി തേടുന്നത്. മറ്റു ജില്ലകളിലും പുതുമുഖങ്ങള്‍ക്കു പരിഗണന കൂടുതല്‍ ലഭിച്ചു.
നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് തലപ്പത്തേക്കു പരിഗണിക്കാവുന്ന സീറ്റുകളിലും ജില്ലാ പഞ്ചായത്തുകളിലേക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ പരിഗണന ലഭിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ 14 പേര്‍ ഇത്തവണ മത്സര രംഗത്തുണ്ട്. സംസ്ഥാന സെക്രട്ടറിമാരായ മുജീബ് കാടേരി മലപ്പുറം മുനിസിപ്പാലിറ്റിയിലേക്കും കെ.എസ് സിയാദ് അടിമാലി ഗ്രാമപഞ്ചായത്തിലേക്കും വി.വി മുഹമ്മദലി നാദാപുരം ഗ്രാമപഞ്ചായത്തിലേക്കും പി.പി അന്‍വര്‍ സാദത്ത് നെല്ലായ ഗ്രാമപഞ്ചായത്തിലേക്കും മത്സരിക്കുന്നു.
കാസര്‍കോട്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിമാരും പാലക്കാട് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളാണ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നാലു പേരും ജില്ലാ പഞ്ചായത്തിലേക്ക് അങ്കത്തിനിറങ്ങുന്നുണ്ട്. എം.എസ്.എഫില്‍ നിന്നും 56 പേരാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. ഇതില്‍ ഏഴു പേര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടുപേരും ബ്ലോക്കിലേക്ക് മൂന്ന്, ഗ്രാമപഞ്ചായത്തിലേക്ക് രണ്ട് എന്നിങ്ങനെയാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."