പ്രളയം നട്ടെല്ലൊടിച്ച സുഗന്ധവിള തളിര്‍ക്കാന്‍ ഏറെ കാക്കണം
സുഗന്ധവിളകളുടെ നാടായ കേരളത്തിന്റെ പ്രതാപത്തിനു കടുത്ത ആഘാതമേല്‍പ്പിച്ചാണ് മഹാപ്രളയം കടന്നുപോയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് നടത്തിയ സര്‍വേയിലും ശാസ്ത്രീയപഠനത്തിലും 25,238 ടണ്‍ ഉല്‍പ്പാദനം കുറയുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഏലം, കുരുമുളക്, ജാതി തുടങ്ങിയവയുടെ ഉല്‍പ്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. ഈ വിളകളെയാണു പ്രളയം നക്കിത്തുടച്ചത്. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ച പ്രളയം രാജ്യത്തിന്റെ കയറ്റുമതി മേഖലയ്ക്കും തിരിച്ചടിയാണു നല്‍കുക.
സംസ്ഥാനത്ത് 1,62,660 ഹെക്ടറിലായി 1,40,000 ടണ്‍ സുഗന്ധവിളകളാണു കൃഷിചെയ്യുന്നത്. ഇതില്‍ 58,379 ഹെക്ടറിലെ വിളകളെ പ്രളയം ബാധിച്ചു. സാരമായി ബാധിച്ച ഏഴു ജില്ലകളിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് സര്‍വേ നടത്തിയത്. 27 ബ്ലോക്കുകളിലായി 60 ഗ്രാമങ്ങളിലായിരുന്നു പഠനം. കണ്ടെത്തിയ സുപ്രധാന വിവരങ്ങള്‍ താഴെ:
സാമ്പത്തികമേഖലയെ ബാധിച്ചു
ഇടുക്കി, വയനാട് ജില്ലകളിലായി 62 ശതമാനം നാണ്യവിളനാശമുണ്ടായി. ഇടുക്കി, തൃശൂര്‍, വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 153 സ്ഥലങ്ങളിലാണു കുരുമുളകിന്റെ നാശനഷ്ടം സംബന്ധിച്ച കണക്കെടുപ്പു നടത്തിയത്.
ഇടുക്കി, വയനാട് ജില്ലകളിലെ 36 സ്ഥലങ്ങളില്‍ ഏലകൃഷിയും വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ 23 സ്ഥലത്ത് ഇഞ്ചിക്കൃഷിയും കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 22 സ്ഥലത്തു മഞ്ഞള്‍ കൃഷിയും ഇടുക്കി, തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ 91 സ്ഥലങ്ങളില്‍ ജാതിക്കൃഷിയും കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ 18 സ്ഥലത്തു ഗ്രാമ്പു കൃഷിയും നശിച്ചു. ഇവിടങ്ങളിലെ സ്ഥലപരിശോധന, നാശനഷ്ടത്തിന്റെ സ്വഭാവം, വിളകളുടെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കി.
കുരുമുളകില്‍ 31.2 ശതമാനം വിളകളും പ്രളയത്തില്‍ നശിച്ചു. 10,700 ടണ്‍ കുരുമുളക് ലഭിക്കുന്നത് ഇതോടെ ഇല്ലാതാകും. ഇതിലൂടെ 402.7 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുക. ഏലച്ചെടികളില്‍ 65 ശതമാനത്തിനും നാശനഷ്ടമുണ്ടായെങ്കിലും പ്രളയത്തെ അതിജീവിക്കാന്‍ ശേഷിയുള്ള ഈ വിളയുടെ ശേഷി പരിഗണിച്ചു 38.5 ശതമാനം വിളനാശമാണു കണക്കാക്കുന്നത്. 25,755 ഹെക്ടറിലെ കൃഷി നശിച്ചതുമൂലം 6600 ടണ്‍ വിളനാശമുണ്ടാകും. 6795 കോടിയുടെ നഷ്ടമാണു രാജ്യത്തിനുണ്ടാകുക.
4403 ഹെക്ടര്‍ സ്ഥലത്തു ജാതിക്കൃഷി നശിച്ചു. 20 ശതമാനം വിളനാശമാണു കണക്കാക്കുന്നത്. ഗ്രാമ്പുവില്‍ 16.9 ശതമാനത്തിന്റെയും ഇഞ്ചിയില്‍ 20 ശതമാനത്തിന്റെയും മഞ്ഞളില്‍ 15 ശതമാനത്തിന്റെയും നഷ്ടമുണ്ടായി. ആകെ 58379 ഹെക്ടറില്‍ 25138 ടണ്‍ വിളനാശമാണു കണക്കാക്കുന്നത്.
കുരുമുളകു കൃഷി പഴയരീതിയിലെത്താന്‍ ഏകദേശം നാലുവര്‍ഷമെടുക്കും, ഏലം പെട്ടെന്ന് അതിജീവിക്കുമെന്നതിനാല്‍ രണ്ടുവര്‍ഷവും ഗ്രാമ്പുവും ജാതിയും അഞ്ചുവര്‍ഷവും എടുക്കും.
ഭീഷണിയായി രോഗവും
പ്രളയത്തിനു പിന്നാലെ വിളകളില്‍ വിവിധ രോഗങ്ങളുമുണ്ടായി. കുരുമുളകില്‍ വേരുചീയല്‍, മഞ്ഞളിപ്പ്, മൂടുചീയല്‍ എന്നിവ കണ്ടെത്തി. വെള്ളം കെട്ടിനില്‍ക്കുന്നതും അതിവര്‍ഷവും കാരണം ഇത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഏലച്ചെടിയിലും ഇഞ്ചിയിലും തണ്ടൊടിയല്‍, കാണ്ഡം ചീയല്‍ തുടങ്ങിയവയുണ്ട്.
ജാതിയില്‍ സൈലോ സാന്‍ഡ്രസ് സ്പീഷിസില്‍പ്പെട്ട തണ്ടുതുരപ്പനെയും കണ്ടെത്തി. ഇതു ജാതിമരം ഉണങ്ങുന്നതിനു കാരണമാകും. കൂടാതെ ജാതി, ഗ്രാമ്പു എന്നിവയില്‍ പിങ്ക് ഡിസീസ്, ത്രെഡ് ബ്ലൈറ്റ് എന്നീ രോഗങ്ങളും കണ്ടെത്തി.
മണ്ണിന്റെ ഘടനാമാറ്റം
പ്രളയത്തില്‍ മേല്‍മണ്ണായ എക്കല്‍ വ്യാപകമായി ഒലിച്ചുപോയതു കാര്‍ഷികമേഖലയെ ബാധിച്ചു. എക്കല്‍ അടിഞ്ഞുകൂടി കട്ടപിടിച്ചതു മണ്ണിലെ ഓക്‌സിജന്റെ അളവു കുറച്ചു. മണ്ണിലെ അമ്ലത്വത്തിനു നേരിയ വ്യതിയാനവും കണ്ടെത്തി. ഇവിടെ മണ്ണിന്റെ വളം ക്രമപ്പെടുത്താനുള്ള നടപടി വേണം.
194 കോടി രൂപയുടെ തൈകളും
വിത്തുകളും വേണം
വിളനാശമുണ്ടായ സ്ഥലങ്ങളില്‍ അത്യുല്‍പാദന ശേഷിയുള്ള വിളകള്‍ വച്ചുപിടിപ്പിക്കുകയാണ് ഇനിയുള്ള മാര്‍ഗം. പരമ്പരാഗത രീതി സ്വീകരിച്ചാല്‍ സുഗന്ധവിള ഉല്‍പാദനം പഴയ രീതിയിലെത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. പുതിയ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ 194 കോടി രൂപയുടെ ചെടികളും വിത്തുകളും ആവശ്യമായി വരും. 58.5 ദശലക്ഷം കുരുമുളക് തൈകള്‍, 17.2 ദശലക്ഷം ഏലച്ചെടികള്‍, 0.35 ദശലക്ഷം ജാതിത്തൈകള്‍, 1545 ടണ്‍ ഇഞ്ചിവിത്തുകള്‍, 594 ടണ്‍ മഞ്ഞള്‍ വിത്തുകള്‍, 25.6 ടണ്‍ ഗ്രാമ്പു തൈകള്‍ എന്നിവയാണ് ആവശ്യം.
ഇതിനു പുറമെ 182.5 കോടിയുടെ വളവും വേണം. കേരള കാര്‍ഷിക വകുപ്പ്, കേരള കാര്‍ഷിക യൂനിവേഴ്‌സിറ്റി, സ്‌പൈസസ് ബോര്‍ഡ്, ആള്‍ ഇന്ത്യ കോ-ഓര്‍ഡിനേഷന്‍ റിസര്‍ച്ച് പ്രൊജക്ട് ഓണ്‍ സ്‌പൈസസ്, ഡയരക്ടറേറ്റ് ഓഫ് അരീക്കനറ്റ് ആന്‍ഡ് സ്‌പൈസസ് ഡവലപ്‌മെന്റ്, കൃഷി വിഗ്യാന്‍ കേന്ദ്ര, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ച് എന്നിവയുമായി സഹകരിച്ചാണ് സര്‍വേ നടത്തിയത്.
(തയാറാക്കിയത്: കെ.ജംഷാദ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."