'പൊലിസിന് നാണക്കേടുണ്ടാക്കി' ; എ.എസ്.ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പരാതിക്കാരനെ മകളുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ച സംഭവത്തില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നെയ്യാര്‍ ഡാം പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറാണ് പരാതി പറയാനെത്തിയയാളെ അധിക്ഷേപിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയോട് അന്വേഷണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റേഞ്ച് ഡിഐജി സംസ്ഥാന പൊലിസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. ഗോപകുമാര്‍ പൊലിസിന്റെ യശസിന് കളങ്കം വരുത്തിയെന്നും ഉദ്യോഗസ്ഥനെ നല്ലനടപ്പ് പരിശീലനത്തിന് അയക്കണമെന്നുമാണ് റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എസ്‌ഐ ഗോപകുമാരിന്റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. പരാതിക്കാരന്‍ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. യൂനിഫോമില്‍ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്.
കുടുംബ പ്രശ്‌നത്തില്‍ പരാതി നല്‍കാനെത്തിയ കള്ളിക്കാട് സ്വദേശിയായ സുദേവനോടാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. സുദേവനോട് അപമര്യാദയായി പെരുമാറുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."