കര്‍ണാടക ബി.ജെ.പിയെ വെട്ടിലാക്കി വിവാദം കത്തിപ്പടരുന്നു
തുംകൂര്‍: ദലിതന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉച്ഛനീചത്വങ്ങള്‍ക്കെതിരേ പുതിയൊരു ചരിത്രം കുറിച്ചുവെന്ന് അവകാശപ്പെടാനുള്ള കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയുടെയും ബി.ജെ.പിയുടെയും ശ്രമം പൊളിഞ്ഞു. ഒരു ദലിതന്റെ വീട്ടിലെത്തി കഴിച്ചത് ഹോട്ടലില്‍ നിന്ന് വരുത്തിയ ഭക്ഷണമായിരുന്നുവെന്ന് പുറത്തറിഞ്ഞതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇത് എങ്ങനെ മറികടക്കണമെന്നറിയാത്ത അവസ്ഥയിലാണ്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുത്തുകൊണ്ടിരിക്കെയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയ വിവാദം കത്തിപ്പടരുന്നത്.
ദലിതരുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതായുള്ള പ്രചാരണം കേവലം രാഷ്ട്രീയ തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നതാണ് യദ്യൂരപ്പയുടെ നടപടിയെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബി.ജെ.പി നേതാവിന് ഇപ്പോഴും 'തൊട്ടുകൂടായ്മ'യാണ് ദലിതരോടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഹോട്ടല്‍ ഭക്ഷണം എത്തിച്ച് കഴിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് സംഭവം പുറംലോകത്തെത്തിച്ച ഡോ. വെങ്കടേഷ് ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ഒരു ദലിത് വീട്ടിലെത്തിമുന്‍ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചത്. ദലിത് കുടുംബത്തില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ഹോട്ടലില്‍ നിന്ന് വരുത്തിച്ച ഇഡ്ഡലിയും വടയുമാണ് യദ്യൂരപ്പ കഴിച്ചത്. ബി.ജെ.പി നേതാക്കളുടെ മനസിലെ 'തൊട്ടുകൂടായ്മ'യും ജാതി സ്പിരിറ്റും ഇനിയും മാറിയിട്ടില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിന് ദലിതരെ അപമാനിക്കുന്നതിന്റെ തെളിവാണിതെന്നുമുള്ള ആക്ഷേപം ശക്തമായിട്ടുണ്ട്.
ബി.ജെ.പി കര്‍ണാടക ഘടകം യദ്യൂരപ്പയെ പ്രതിരോധിക്കാന്‍ പ്രസ്താവനകളുമായി ഇറങ്ങിയിട്ടുണ്ട്. ഹോട്ടല്‍ ഭക്ഷണമാണ് യെദ്യൂരപ്പ കഴിച്ചതെന്നും എന്നാല്‍ ദലിതന്റെ വീട്ടിലുണ്ടാക്കിയ പുലാവും അദ്ദേഹം കഴിച്ചുവെന്ന് പാര്‍ട്ടി കര്‍ണാടക മീഡിയ ഇന്‍ ചാര്‍ജായ ശിവപ്രകാശ് അവകാശപ്പെടുന്നുണ്ട്.
ഒരു രാഷ്ട്രീയക്കാരനും ഇത്തരത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയ തട്ടിപ്പുകള്‍ കാണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു. ദലിത് വീടുകളില്‍ പോയി ഇത്തരത്തില്‍ അവരെ അധിക്ഷേപിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യദ്യൂരപ്പയുടെ നടപടി തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി ദലിത് കുടുംബം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."