കിട്ടുന്നത് പൂവനും ഗിരിരാജനും
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ നടപ്പാക്കിയ മുട്ടക്കോഴി വിതരണത്തില്‍ വ്യാപക തട്ടിപ്പ്. പലര്‍ക്കും മുട്ടക്കോഴിയെന്നു പറഞ്ഞ് കൃഷിഭവന്‍ മുഖേന വിതരണംചെയ്യുന്നത് പൂവന്‍കോഴിക്കുഞ്ഞുങ്ങളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഗിരിരാജന്‍ ഇനത്തില്‍പ്പെട്ടവയെയുമാണ്.
വിതരണം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തന്നെ ഇതില്‍ മിക്ക കോഴിക്കുഞ്ഞുങ്ങളും ചത്തുപോവുകയാണ്. 500 രൂപ ഉപഭോക്തൃവിഹിതമായും 500 രൂപ പഞ്ചായത്തിന്റെ സബ്‌സിഡിയുമായി 10 മുട്ടക്കോഴികളെയാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. പഞ്ചായത്തുകള്‍ രണ്ടരലക്ഷം രൂപ വരെ മുട്ടക്കോഴി വിതരണത്തിനായി ചെലവിടുന്നുണ്ട്. എഗര്‍ നഴ്‌സറി നടത്തിപ്പുകാരും മൃഗസംരക്ഷണ വകുപ്പിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ക്രമക്കേട് നടത്തുന്നതെന്നാണ് ആരോപണം.
പദ്ധതിപ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൗള്‍ട്രി ഫാമുകളില്‍ നിന്ന് വിരിയിച്ച ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ അംഗീകാരമുള്ള എഗര്‍ നഴ്‌സറികളില്‍ 45 ദിവസമെങ്കിലും പരിചരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, പല എഗര്‍ നഴ്‌സറികളും സര്‍ക്കാര്‍ പൗള്‍ട്രി ഫാമുകളില്‍ നിന്ന് വാങ്ങാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ഗ്രാമശ്രീ കോഴികളെന്ന പേരില്‍ വിതരണംചെയ്യുകയാണെന്നാണ് ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെ വിതരണംചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളില്‍ ഏറെയും സര്‍ക്കാര്‍ നിശ്ചയിച്ചപ്രകാരം പരിചരിക്കുന്നതോ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയതോ അല്ലെന്നാണ് വ്യക്തമാകുന്നത്.
കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട്ടെ സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്ന് ഒരുദിവസം പ്രായമായ 4,550 കോഴിക്കുഞ്ഞുങ്ങളെ പാനൂര്‍ പഞ്ചായത്തിലെ ഒരു എഗര്‍ നഴ്‌സറിക്ക് നല്‍കിയപ്പോള്‍ ഈ സ്ഥാപനം 45 ദിവസങ്ങള്‍ക്കുശേഷം മാങ്ങാട്ടിടം പഞ്ചായത്തിന് വിതരണംചെയ്യാനായി നല്‍കിയത് 11,225 മുട്ടക്കോഴികളെയാണ്.
മുണ്ടയാട് നിന്ന് ലഭിച്ച 4,550 മുട്ടക്കോഴികള്‍ക്കുപുറമെ വിതരണംചെയ്ത കോഴികളെല്ലാം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയതാണെന്നാണ് വ്യക്തമാകുന്നത്. കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും സമാനമായ സ്ഥിതിയാണുള്ളത്. അഴിയൂര്‍ പഞ്ചായത്തില്‍ വിതരണംചെയ്ത മുട്ടക്കോഴികളില്‍ 40 ശതമാനത്തിലേറെ പൂവന്‍ കോഴികളായതിനാല്‍ പരാതിയുമായി വീട്ടമ്മമാര്‍ രംഗത്തുവന്നിരുന്നു.
ഇപ്പോള്‍ പരീക്ഷാണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ആവശ്യത്തിന് ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നല്‍കാന്‍ നിലവിലുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ കഴിയില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ഇറച്ചി കോഴികുഞ്ഞുങ്ങളായിരിക്കും മുട്ടക്കോഴിയെന്ന പേരില്‍ വീടുകളില്‍ ഇനിയും എത്തുക. ഇത് പദ്ധതിക്കായി ചെലവഴിക്കുന്ന തുക അനര്‍ഹരുടെ കൈകളിലെത്താന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."