മഹാസഖ്യ രൂപീകരണ ചര്‍ച്ച തുടരുന്നു; മധ്യപ്രദേശില്‍ ബി.എസ്.പി 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഭോപ്പാല്‍: മഹാസഖ്യം രൂപീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച നടത്തുന്നതിനിടയില്‍ മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
ബി.എസ്.പി 22 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടപ്പോള്‍, സമാജ് വാദി പാര്‍ട്ടിയാകട്ടെ സ്ഥാനാര്‍ഥികളാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിന്റെ വിവിധ ജില്ലകളില്‍ ഈ മാസം 29, 30 തീയതികളില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തുന്നുണ്ട്. ഗോണ്‍ട്വാന ഗണതന്ത്ര പാര്‍ട്ടി(ജി.ജി.പി) അധ്യക്ഷന്‍ ഹീരാ സിങ് മാര്‍ക്കമ്മിനൊപ്പമായിരിക്കും അഖിലേഷ് അതിര്‍ത്തി ജില്ലകളില്‍ സന്ദര്‍ശനം നടത്തുക. ജി.ജി.പിക്ക് ഗോത്രവര്‍ഗ മേഖലകളില്‍ ശക്തമായ സ്വാധീനമുണ്ട്. പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെയായിരിക്കും സ്ഥാനാര്‍ഥിത്വത്തിലേക്ക് പരിഗണിക്കുകയെന്ന് എസ്.പി നേതൃത്വം അറിയിച്ചു. സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കുന്ന അപേക്ഷ ഒക്ടോബര്‍ മൂന്നിന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തായിരിക്കും അംഗീകരിക്കുകയെന്ന് എസ്.പി വക്താവ് ഡോ. സുനിലം അറിയിച്ചു.
കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ചയില്‍ ബി.എസ്.പി 35 സീറ്റുകള്‍ വരെ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.പിയാകട്ടെ 10 മുതല്‍ 15 സീറ്റുകള്‍ വരെയും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
എന്നിരുന്നാലും മധ്യപ്രദേശില്‍ മഹാസഖ്യം രൂപീകരിക്കാന്‍ കഴിയുമെന്നുതന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് പറയുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഛിന്നഭിന്നമായി പോകാതിരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
2013ലെ തെരഞ്ഞെടുുപ്പില്‍ എസ്.പിക്ക് 0.1 ശതമാനത്തില്‍ താഴെയായിരുന്നു വോട്ട് ലഭിച്ചിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് അവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."