നിങ്ങള്‍ക്കൊക്കെ പ്രാവ്ദ മതി
ഇതു തിരിച്ചടിയാണെന്നൊക്കെ നിങ്ങളോട് ആരാ പറഞ്ഞത്? ഒരു നിയമഭേദഗതി പിന്‍വലിക്കേണ്ടി വന്നത് എങ്ങനെ തിരിച്ചടിയാകും? ശാസ്ത്രീയ സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? വിപ്ലപ്രസ്ഥാനങ്ങള്‍ക്ക് ഇങ്ങനെ അടവുപരവും തന്ത്രപരവുമായ ചില പിന്മാറ്റങ്ങള്‍ വേണ്ടിവരും. ഒരടി പിന്നോട്ട്, രണ്ടടി മുന്നോട്ട് എന്ന് നിങ്ങള്‍ കേട്ടുകാണില്ല. അത് പല സന്ദര്‍ഭങ്ങളിലും വേണ്ടിവന്നിട്ടുണ്ട്. സ്റ്റാലിന്‍ സഖാവ് പണ്ട് ഹിറ്റ്‌ലറുമായി അനാക്രമണ കരാറുണ്ടാക്കിയിട്ടില്ലേ. സോവിയറ്റ് യൂണിയന്റെ ഒരു നിര്‍ണായക ഘട്ടത്തില്‍ ലെനിന്‍ സഖാവ് പുത്തന്‍ സാമ്പത്തിക നയമെന്ന പേരില്‍ കുറച്ചുകാലം സ്വകാര്യസ്വത്ത് അനുവദിച്ചിരുന്നു. അന്നൊക്കെ നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ലെനിന് തിരിച്ചടി, സ്റ്റാലിന്‍ മുട്ടുമടക്കി എന്നൊക്കെ എഴുതിവിടുമായിരുന്നോ? അതവിടെ നടക്കുമായിരുന്നോ?
ഒരു സുപ്രധാന ഘട്ടത്തിലാണ് ഈ നിയമഭേദഗതി വേണ്ടിവന്നത്. കൊറോണയെ പിടിച്ചുകെട്ടാന്‍ അരയും തലയും മുറുക്കി പോരാടുകയായിരുന്നു സര്‍ക്കാര്‍. അതിനിടയിലാണ് സ്പ്രിംഗ്ലര്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ തുടങ്ങി ഓരോന്നു കുത്തിപ്പൊക്കി കേന്ദ്രത്തിലെ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാധികളായ അന്വേഷണ ഏജന്‍സികള്‍ തലസ്ഥാനത്ത് പറന്നിറങ്ങി. സര്‍ക്കാരിന്റെ വലിയൊരുദ്യോഗസ്ഥനെയടക്കം പിടികൂടി. വിപ്ലവപ്രസ്ഥാനത്തിന്റെ സാരഥിയുടെ മകനെ കേസില്‍ കുടുക്കി. അതുകൊണ്ടരിശം തീരാതെ ഇപ്പോള്‍ മറ്റൊരു പ്രധാന ഉദ്യോഗസ്ഥന്റെയും നേരെ തിരിഞ്ഞു. അവരെ ചോദ്യം ചെയ്യുന്നതിന്റെയും അവര്‍ വെളിപ്പെടുത്തുന്നതിന്റെയും വാര്‍ത്തകളുമായി ബൂര്‍ഷ്വാ മാധ്യമങ്ങളും സോഷ്യലിസ്റ്റ് പാതയില്‍ സഞ്ചരിക്കുന്ന സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനും തുടങ്ങി. കൂട്ടത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴിയും ചിലര്‍ ആക്രമണങ്ങള്‍ തുടങ്ങി. പ്രസ്ഥാനത്തിന്റെ ധീരപോരാളി ഷാജിമാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് വിയര്‍ത്തു തളരുന്നത് കണ്ടുനില്‍ക്കാനാവാത്ത കാഴ്ചയും.
കൊറോണക്കാലത്ത് നാട്ടുകാര്‍ക്ക് ഭക്ഷണക്കിറ്റും മറ്റും സൗജന്യമായി നല്‍കി ശരിക്കും സോഷ്യലിസം ലക്ഷ്യംവച്ചു നീങ്ങുന്നൊരു സമയത്താണ് പ്രതിവിപ്ലവകാരികള്‍ ഇങ്ങനെ കൂട്ടംചേര്‍ന്ന് ആക്രമിക്കുന്നതെന്നോര്‍ക്കണം. അതിനെ പ്രതിരോധിക്കേണ്ട കടമ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുണ്ട്. അതു ലോകത്തെല്ലാം സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ജനതയ്ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിനോടൊപ്പം അതിനു വിലങ്ങുതടിയാകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനു തടയിടുക കൂടി ചെയ്യുക എന്നതാണ് സ്റ്റാലിന്‍, ചെഷസ്‌ക്യൂ, പോള്‍പോട്ട്, കിം ജോങ് ഉന്‍ തുടങ്ങിയ ലോകോത്തര വിപ്ലവനായകര്‍ കാണിച്ചുതന്ന വഴി. അതുകൊണ്ട് ബഹളമുണ്ടാക്കുന്നവരെ ഒതുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നു തോന്നി. അതിന് അവസരം പാര്‍ത്തിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഒരുത്തന്‍ ചില സ്ത്രീകള്‍ക്കെതിരേ അശ്ലീല വിഡിയോ പുറത്തിറക്കി അവരോട് അടിവാങ്ങി വലിയ കോലാഹലമുണ്ടായത്. ഇതാണ് പറ്റിയ സമയമെന്നു കരുതിയാണ് വേണമെങ്കില്‍ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുമടക്കം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സകല ആളുകളെയും പിടിച്ച് അകത്തിടാന്‍ പാകത്തില്‍ നിയമഭേദഗതി കൊണ്ടുവന്നത്. അതൊരു തെറ്റാണെന്ന് യഥാര്‍ഥ ഇടതുപക്ഷ വിപ്ലവകാരികളൊന്നും പറയില്ല. അതുകൊണ്ടാണല്ലോ തീരുമാനമെടുത്ത അടുത്ത നിമിഷം മുതല്‍ അതിനെ ന്യായീകരിക്കാന്‍ പ്രസ്ഥാനത്തില്‍ അണിനിരന്ന ന്യായീകരണത്തൊഴിലാളിവര്‍ഗം ചാടിവീണത്.
എന്നാല്‍, പ്രതീക്ഷിച്ചിടത്ത് കാര്യങ്ങള്‍ നിന്നില്ല. നിയമഭേദഗതിക്കെതിരേ സകല പ്രതിവിപ്ലവകാരികളും വിമോചനസമരകാലത്തെന്നപോലെ ഒറ്റക്കെട്ടായി ചാടിവീണു. അവരെയൊക്കെ നേരിടാമായിരുന്നു. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിലുള്ള ചില റിവിഷനിസ്റ്റുകളും റെനിഗേഡുകളും ഉടക്കുമായി വന്നു. ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇവിടുന്നയയ്ക്കുന്ന പാര്‍ട്ടി ഫണ്ടില്‍നിന്ന് ശമ്പളം വാങ്ങി സുഖിച്ചു കഴിയുന്ന അവരിലെ ചിലരില്‍ ഇപ്പോള്‍ വല്ലാതെ വലതുപക്ഷ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കുറച്ചുകാലമായി പ്രസ്ഥാനത്തെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ പാടുപെടുന്ന ജനറല്‍ സെക്രട്ടറി തന്നെ പാരവച്ചു. അദ്ദേഹം ഫോണില്‍ വിളിച്ച് നിയമഭേദഗതി നടപ്പാക്കരുതെന്നു പറഞ്ഞു. അതു തൊട്ടടുത്ത നിമിഷം തന്നെ വാര്‍ത്തയുമായി. കൂടാതെ നാട്ടില്‍ പ്രസംഗിച്ചു നടന്നാല്‍ നാട്ടുകാര്‍ക്കൊന്നും മനസ്സിലാവില്ലെന്നു തോന്നിയതിനാല്‍ ഡല്‍ഹിയില്‍ പോയി ചുമ്മാ ഇരുന്നോട്ടെ എന്നു കരുതി കേന്ദ്ര നേതൃത്വത്തിലേക്കയച്ച ഒരു പിഞ്ചുബേബിയും മാധ്യമങ്ങളോട് എന്തൊക്കെയോ പറഞ്ഞു. അതിനെയൊക്കെ നേരിടാന്‍ അറിയാഞ്ഞിട്ടൊന്നുമല്ല. എത്ര വലിയ നേതാക്കളായാലും റിവിഷനിസവും വലതുപക്ഷ വ്യതിയാനവുമൊക്കെ സംഭവിച്ചാല്‍ പണ്ട് ലിയോണ്‍ ട്രോട്‌സ്‌കിയെ കൈകാര്യം ചെയ്തതുപോലെ നേരിടലാണ് പരമ്പരാഗത പ്രാസ്ഥാനിക രീതി. എന്നാല്‍ ഇവിടെ അതൊന്നും അത്ര എളുപ്പത്തില്‍ നടക്കില്ല. ഒരു തെരഞ്ഞെടുപ്പ് തൊട്ടുമുന്നിലുമുണ്ട്. പിന്നെ എന്തുകിട്ടിയാലും ആഘോഷിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും. അതുകൊണ്ടൊക്കെയാണ് പിന്മാറേണ്ടി വന്നത്. സാരമില്ല, ഇതൊക്കെ താല്‍കാലികമാണ്. പ്രസ്ഥാനത്തിന് കേന്ദ്രത്തില്‍ ഭരണം കിട്ടട്ടെ. പിന്നെ തെരഞ്ഞെടുപ്പും പ്രതിപക്ഷവും മാധ്യമങ്ങളുമൊന്നും ഉണ്ടാവില്ലല്ലോ.
അല്ലെങ്കില്‍ തന്നെ എന്തിനാണ് നാട്ടില്‍ ഇത്രയേറെ മാധ്യമങ്ങള്‍. പണ്ടത്തെ സോവിയറ്റ് യൂണിയനിലേതു പോലെ ഒരു പ്രാവ്ദ മാത്രം മതിയല്ലോ.
ഉറുമാമ്പഴം മുടക്കുന്ന വായ്പ്പുണ്ണ്
അഞ്ചു വര്‍ഷത്തോളം ഭരണത്തിനു പുറത്തിരുന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ പ്രതിപക്ഷമുന്നണി. വലുതായി അദ്ധ്വാനിച്ചിട്ടൊന്നുമില്ലെങ്കിലും അനുകൂല സാഹചര്യങ്ങളോരോന്നും വന്നു വീണുകൊണ്ടിരിക്കുകയായിരുന്നു. കാര്യമായി പണിയെടുക്കാതെ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടായി. അതിനു പിറകെ സ്വയം തോല്‍ക്കാനുള്ള വഴികള്‍ ഓരോന്നായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ഭരണപക്ഷം. ഭരിക്കുന്നവരുടെയും അവരുടെ ശിങ്കിടികളുടെയും വലിയ നേതാക്കളുടെ മക്കളുടെയുമൊക്കെ കൈയിലിരിപ്പിന്റെ ഫലമായി വലിയ വിവാദങ്ങളും കേസുകളുമൊക്കെ വരുന്നു. തൊടുന്നതൊക്കെ കുരിശായി മാറുന്നു. ഒരു പ്രതിപക്ഷത്തിന് ആനന്ദലബ്ധിക്ക് ഇതിലപ്പുറം എന്തുവേണം.
ഭരണം ഇതാ തൊട്ടുമുന്നിലെത്തി എന്ന പ്രതീക്ഷയിലായിരുന്നു പല നേതാക്കളും. ചാനല്‍ക്കാഴ്ചകളില്‍ അതിന്റെയൊരു പ്രകാശം അവരുടെ മുഖത്ത് കാണാനും തുടങ്ങിയിരുന്നു. ഒരിക്കലും വെളുക്കാത്ത മുടിയുമായി സുന്ദരന്‍മാരായി നടക്കുകയായിരുന്നു പലരും. വലിയ ഭരണപദവികളിലൊക്കെ ഇരിക്കുമ്പോള്‍ ഇത്തിരി പ്രായവും പക്വതയുമൊക്കെ തോന്നിപ്പിക്കേണ്ടിവരുമെന്ന് മനസ് പറഞ്ഞതുകൊണ്ടാവാം പലരുടെയും മുടിയില്‍ മുന്‍ഭാഗത്ത് കുറച്ചൊക്കെ നര പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതാരുടെയും കുറ്റമൊന്നുമല്ല. നമ്മുടെ മനസിലുണ്ടാകുന്ന പലതും ശരീരത്തിലും പ്രതിഫലിക്കുമല്ലോ.
അങ്ങനെ എല്ലാതരത്തിലും കാര്യങ്ങള്‍ അനുകൂലമായി വരുന്ന സമയത്താണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി അറസ്റ്റിലാകുന്നതും പണ്ട് ഭരണം നഷ്ടപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ച ബിജു രമേശും സോളാര്‍ കേസ് നായികയുമൊക്കെ വീണ്ടും രംഗത്തുവരുന്നതും. ബിജു രമേശ് ബാര്‍കോഴയായി കൊടുത്ത കണക്കു നിരത്തി ഓരോ നേതാക്കളുടെ പേരു വിളിച്ചുപറയുന്നു. സോളാര്‍ വഴിയില്‍ വരുന്നത് ലൈംഗിക പീഡനാരോപണങ്ങളും. ബാര്‍കോഴയുടെ പേരില്‍ പലര്‍ക്കുമെതിരേ അന്വേഷണവും വരുന്നുണ്ട്.
മലയാളികളുടെ മനോനില വച്ചുനോക്കുമ്പോള്‍ അതില്‍ സോളാര്‍ ബാധ പഴയതുപോലെ ഏശിക്കൊള്ളണമെന്നില്ല. ലൈംഗിക പീഡനാരോപണം ആര്‍ക്കെതിരേ വന്നാലും തുടക്കത്തില്‍ അത് കണ്ണടച്ച് വിശ്വസിച്ച് ആഹ്ലാദിക്കലും അതു പാടിനടന്ന് ആത്മനിര്‍വൃതി നുണയലും കുറച്ചുകാലം കഴിഞ്ഞാല്‍ അതിലൊന്നും വലിയ കാര്യമില്ലെന്നു പറഞ്ഞ് പുതിയത് അന്വേഷിച്ചുപോകലുമൊക്കെയാണ് ഇവിടുത്തെ പൊതുരീതി. എന്നാല്‍ ബാര്‍കോഴ ആരോപണം അങ്ങനെയല്ല. മത്തിക്കച്ചവടം പോലെയല്ല ചാരായക്കച്ചവടം, പ്രത്യേകിച്ച് ബാറുകളിലെ കച്ചവടം. കോടികള്‍ മുടക്കിയുള്ള ആ ബിസിനസ് നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ കോഴയും മറ്റുമായി വലിയ തുകകള്‍ വാരിയെറിഞ്ഞേ പറ്റൂ എന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. അതുകൊണ്ട് ബാറുകാര്‍ ആര്‍ക്കെങ്കിലും കോഴ കൊടുത്തു എന്നു പറഞ്ഞാല്‍ സത്യമായാലും കള്ളമായാലും നാട്ടുകാര്‍ പൊതുവെ അതു വിശ്വസിക്കും. പിന്നെ അധികാരരാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരും കോഴക്കാരുമൊക്കെയാണെന്ന ഒരു പൊതുബോധം അവര്‍ തന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തിട്ടുമുണ്ടല്ലോ. കേസൊന്നും വലിയ കാര്യമാവാനിടയില്ല. അത്തരം കേസുകള്‍ തുമ്പുംവാലുമില്ലാതെയാവുകയാണല്ലോ ഈ നാട്ടില്‍ പതിവ്. ജയിലില്‍ കിടക്കേണ്ടിവരില്ലെങ്കിലും ആരോപണം നാട്ടുകാരില്‍ കുറേയാളുകളെയെങ്കിലും സ്വാധീനിക്കും. ചുരുക്കിപ്പറഞ്ഞാല്‍ അത്ര എളുപ്പമാവാനിടയില്ല അധികാരാരോഹണം.
ഉറുമാമ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നോ മറ്റോ ഒരു പഴഞ്ചൊല്ലുണ്ടല്ലോ. ചില പഴഞ്ചൊല്ലുകളില്‍ പതിരുണ്ടാവാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."