സ്ഥിരം പുനരധിവാസ സംവിധാനം ഒരുക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട്ടിലും വിവിധ തീരപ്രദേശങ്ങളിലും ആന്ധ്രാ മോഡലില്‍ സ്ഥിരം പുനരധിവാസ സംവിധാനം ഒരുക്കണമെന്ന് ശുപാര്‍ശ.
കുട്ടനാട്ടില്‍ പില്ലറുകള്‍ ഉപയോഗിച്ച് അടിത്തറ ഉയര്‍ത്തി കെട്ടിടങ്ങള്‍ നിര്‍മിക്കണം. പാലങ്ങള്‍ ജലഗതാഗത സൗകര്യത്തിനായി ഉയര്‍ത്തി നിര്‍മിക്കണമെന്നും പ്രളയം കേരളത്തിനേല്‍പ്പിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് നിയമസഭാ പരിസ്ഥിതി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണ ഘട്ടത്തില്‍ തന്നെ പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം. നിര്‍മാണരീതികള്‍ പ്രകൃതി സൗഹൃദമായിരിക്കണം. മോഡുലാര്‍ ഭവനങ്ങള്‍ പോലുള്ള ഭവന നിര്‍മാണ പദ്ധതിക്ക് രൂപംനല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
കേരളത്തിന്റെ ഭൂപ്രകൃതി, ജനസാന്ദ്രത എന്നിവ പരിഗണിച്ചുള്ള സമഗ്രമായ പാര്‍പ്പിട നയം ഉണ്ടാകണം. ഭവനസമുച്ചയം, ആള്‍ത്താമസമില്ലാത്ത വീടുകളുടെ പുനര്‍വിതരണം, ഒന്നിലധികം വീടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ അധിക കെട്ടിട നികുതി ഈടാക്കല്‍, കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിക്കുന്ന വീടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കല്‍, കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടനിര്‍മാണത്തില്‍ മുന്‍ഗണന നല്‍കല്‍ എന്നിവ പാര്‍പ്പിട നയത്തിന്റെ ഭാഗമാക്കണം.
മറ്റുരാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ ഗൃഹനിര്‍മാണം, വാണിജ്യ സ്ഥാപന നിര്‍മിതികള്‍ എന്നിവക്ക് ഉപയോഗിക്കാനാകുന്ന സ്ഥലങ്ങള്‍ വേര്‍തിരിക്കണം. ഇത് നിയമംമൂലം വ്യവസ്ഥ ചെയ്യണം. സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അതോറിറ്റി രൂപീകരിക്കണം. കേരളത്തിലെ അണക്കെട്ടുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."