സ്‌നേഹമായിരുന്നു ഡീഗോ
2011 ഓഗസ്റ്റ് 11നാണ് ഡീഗോ ദുബായിലെത്തുന്നത്. അല്‍വസല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകനായിട്ട്. അന്ന് ഞാന്‍ ആ ക്ലബ്ബില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 2003 സെപ്റ്റംബര്‍ മുതലാണ് ഞാന്‍ ആ ക്ലബ്ബില്‍ ജോലി ചെയ്യുന്നത്. 2005 ല്‍ ലൈസന്‍സ് എടുത്തു. 2008 ല്‍ ക്ലബ്ബിന്റെ ഡ്രൈവറായി. 2011 ല്‍ മറഡോണ ക്ലബ്ബില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഡ്രൈവറായി.
ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹം ക്ലബ്ബ് വിട്ടു. പിന്നീട് നാലു മാസങ്ങള്‍ കഴിഞ്ഞ് ദുബായ് സ്‌പോര്‍ട്‌സിന്റെ അംബാസഡറായി തിരിച്ചുവന്നു. അദ്ദേഹം വക്കീല്‍ മുഖേന ക്ലബ്ബുമായി ബന്ധപ്പെട്ട് എന്നെ ഡ്രൈവറായി ആവശ്യപ്പെടുകയും ചെയ്തു. 2018 ജൂണ്‍ അഞ്ചിനാണ് അദ്ദേഹം ദുബായ് വിടുന്നത്. അന്നുവരെ ഞാന്‍ അദ്ദേഹത്തോടൊപ്പം തന്നെയുണ്ട്. ആ ഏഴു വര്‍ഷക്കാലത്തെ ഓരോ നിമിഷവും മറക്കാനാവാത്ത അനുഭവമാക്കിത്തന്നു ഡീഗോ.
ഭാഷ പ്രശ്‌നമേ ആയില്ല
ഡീഗോ ഇംഗ്ലീഷ് സംസാരിക്കില്ല. സ്പാനിഷ് മാത്രം. ഞങ്ങള്‍ കണ്ടുമുട്ടിയ ആദ്യത്തെ ആറുമാസം വളരെ ബുദ്ധിമുട്ടായിരുന്നു കാര്യങ്ങള്‍. എങ്കിലും തര്‍ജമക്കാരന്‍ ഞങ്ങളുടെ ഇടയിലെ ഭാഷാപ്രശ്‌നം പരിഹരിച്ചു. പിന്നീടങ്ങോട്ട് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ മനസിലാവാന്‍ തുടങ്ങി, അപ്പോഴും തിരിച്ചുപറയാനുള്ള വാക്കുകള്‍ എനിക്ക് കിട്ടിയിരുന്നില്ല. അന്നേരവും തര്‍ജമക്കാരന്‍ സഹായത്തിനെത്തി. ചിലപ്പോള്‍ ഡീഗോ തന്നെ പരിഹാര മാര്‍ഗവും കണ്ടു. സാധനങ്ങളൊക്കെ വാങ്ങിക്കണമെങ്കില്‍ ഗൂഗിള്‍ ചെയ്ത് ഫോട്ടോ മൊബൈലില്‍ കാണിച്ചുതരും.
ഡീഗോയുടെ വീട്ടില്‍ ഞങ്ങള്‍ മൂന്ന് ജീവനക്കാരായിരുന്നു. പാചകക്കാരിയും ശുചീകരണത്തൊഴിലാളിയും. ഇരുവരും അര്‍ജന്റീനക്കാരായിരുന്നു.
ദുബായില്‍ വന്ന് ആദ്യ രണ്ടുവര്‍ഷക്കാലം പകലുറക്കവും രാത്രി ഉണര്‍ന്നിരിക്കലുമായിരുന്നു ഡീഗോയുടെ ശീലം. അക്കാലത്ത് ലഞ്ച് കഴിച്ചിരുന്നത് വൈകിട്ട് ആറ് മണിക്കായിരുന്നു. പിന്നീട് സാധാരണ പോലെയായി. ബീഫ്, മട്ടണ്‍ ഉള്‍പ്പെടുന്ന അര്‍ജന്റീനിയന്‍ ഭക്ഷണമാണ് എന്നും കഴിച്ചിരുന്നത്.
മറക്കാനാവുമോ...
സുലീ... എന്ന നീട്ടിവിളി
സുലീ... എന്നാണ് സ്‌നേഹത്തില്‍ ചാലിച്ച് ഡീഗോ എന്നെ വിളിച്ചിരുന്നത്. ഒരു ഘട്ടത്തില്‍പോലും മറ്റൊരു പേര് വിളിച്ചില്ല. അല്‍പ്പം കടുപ്പിച്ചുപോലും വിളിച്ചതായി ഓര്‍ക്കുന്നില്ല. എല്ലാവരോടും അങ്ങനെ തന്നെയായിരുന്നു. അതായിരുന്നു ഡീഗോയുടെ പെരുമാറ്റശുദ്ധി. ഇത്രയും കാലത്തിനിടയ്ക്ക് ഗൗരവത്തിലുള്ളൊരു നിമിഷം പോലും കണ്ടിട്ടില്ല. പുഞ്ചിരിക്കുന്ന പ്രകൃതമാണ് എന്നും വരവേറ്റിരുന്നത്.
ഫുജൈറ ക്ലബ്ബില്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്ന സമയം. ഒരുദിവസം തിരിച്ചുവരുമ്പോള്‍ കാറിന്റെ ടയര്‍ പഞ്ചറായി. ഞാന്‍ ടയര്‍ മാറ്റാനുള്ള ജാക്കിയെടുത്ത് ഇറങ്ങിയപ്പോഴുണ്ട്, അദ്ദേഹവും കൂടെ ഇറങ്ങിവരുന്നു. സ്‌ക്രൂ അഴിച്ചുമാറ്റുന്നതടക്കമുള്ള പണികള്‍ രസകരമായി തന്നെ അദ്ദേഹം എന്നോടൊപ്പം ചെയ്തത് ഇപ്പോഴും അത്ഭുതത്തോടെയാണ് ഓര്‍ക്കുന്നത്.
ഡ്രൈവിങ് സമയത്ത് അദ്ദേഹം പിറകില്‍ ഉറങ്ങുകയാണ് പതിവ്. എത്തേണ്ട സ്ഥലത്തെത്തിയാല്‍ വിളിച്ചുണര്‍ത്തണം.
കളിയുള്ള സമയങ്ങളില്‍ രാത്രി വിളിച്ചുണര്‍ത്തണം. പിന്നെ ടി.വിയില്‍ ഒന്നിച്ച് കളി കണ്ടിരിക്കും. അധികം അഭിപ്രായപ്രകടനമൊന്നുമുണ്ടാവില്ല.
പരിശീലനത്തിനായി ഗ്രൗണ്ടില്‍ പോകുമ്പോള്‍ എന്നെയും കൂട്ടും. ഡീഗോയ്ക്ക് ഗോള്‍ കീപ്പറായി നില്‍ക്കേണ്ടത് ഞാനാണ്.
നഷ്ടപ്പെടാത്ത പുഞ്ചിരി
ഡീഗോയുടെ നാട്ടുകാരന്‍ തന്നെയാണ് വക്കീല്‍. ഒരു ദിവസം ഡീഗോയുടെ അത്യാവശ്യത്തിനായി വക്കീലിന് നാട്ടില്‍ പോകേണ്ടിവന്നു. പുലര്‍ച്ചെ നാലു മണിക്ക് എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. തലേന്ന് രാത്രി ഇക്കാര്യം പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷേ, ഞാന്‍ ഉറക്കില്‍പ്പെട്ടു. ദൗര്‍ഭാഗ്യവശാല്‍ വിമാനം കിട്ടിയില്ല. ജോലി പോലും നഷ്ടപ്പെടുമെന്ന ആധിയോടെ ഞാന്‍ തരിച്ചുനില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു, സുലീ... നോ പ്രോബ്ലം. ആ വാക്കുകളെന്നെ കരയിപ്പിച്ചുകളഞ്ഞു.
എന്റെ ഓരോ ജന്മദിനത്തിനും വലിയ സമ്മാനങ്ങള്‍ അദ്ദേഹം കരുതിവച്ചിരുന്നു. ഒരു പ്രാവശ്യം അദ്ദേഹം ബ്രാന്റ് അംബാസഡറായ ഹോബ്‌ലറ്റ് വാച്ചായിരുന്നു സമ്മാനം. മറ്റൊരു ജന്മദിനത്തില്‍ ഐ ഫോണും സമ്മാനിച്ചു.
കുടുംബങ്ങള്‍ തമ്മിലും ബന്ധം
ഡീഗോയും ഞാനും തമ്മില്‍ മാത്രമല്ല, ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും പരസ്പരം നല്ല ബന്ധത്തിലായിരുന്നു. ഇടയ്ക്ക് വീഡിയോ കോള്‍ ചെയ്യും. സന്തോഷം പങ്കുവയ്ക്കും. ഭാഷയൊന്നുമറിയില്ലെങ്കിലും, ഹായ്, ഹലോ ബന്ധത്തിനപ്പുറം അവര്‍ പരസ്പരം പലതും പങ്കുവച്ചു.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ദുബായിരുന്നപ്പോള്‍ ഉമ്മ വീണ് പരുക്കുപറ്റി. ആശുപത്രിയിലാണെന്നറിഞ്ഞ് ഞാന്‍ തിരക്കിട്ട് നാട്ടിലെത്തി. മൂന്നാം ദിവസം ഡീഗോ വീഡിയോകോള്‍ ചെയ്തു. ഉമ്മയെ കാണിച്ചുകൊടുക്കുകയും പലതും ചോദിക്കുകയും ചെയ്തു. ഒന്നും മനസിലായില്ലെങ്കിലും ആശ്വാസവാക്കുകളില്‍ ഉമ്മ വീര്‍പ്പുമുട്ടിയിരുന്നു.
ഒരിക്കലൊരു വലിയ സര്‍പ്രൈസ് തന്നു ഡീഗോ. കുടുംബത്തിലെ എല്ലാവര്‍ക്കും ടിക്കറ്റെടുത്ത് തന്നായിരുന്നു അല്‍ഭുതപ്പെടുത്തിയത്. എന്നെ അറിയിക്കാതെ അതിനുള്ള സജ്ജീകരണങ്ങളെല്ലാം ചെയ്യിപ്പിച്ച് ടിക്കറ്റ് മുന്‍പില്‍ കൊണ്ടുവന്ന് വയ്ക്കുകയായിരുന്നു.
നീട്ടിവച്ച സഹായഹസ്തം
ഫലസ്തീന്‍ പോലുള്ള രാജ്യങ്ങള്‍ക്കായി എക്കാലത്തും സഹായഹസ്തവുമായി ഡീഗോ എത്തിയിട്ടുണ്ട്. വ്യക്തിപരമായും ഏറെ സഹായിച്ചിട്ടുണ്ട്. വീട് പണിയുമ്പോഴും മറ്റ് ബുദ്ധിമുട്ടുകളുണ്ടായപ്പോഴും എനിക്ക് പണമടക്കം പലതും തന്നു സഹായിച്ചു. നാട്ടിലെ ഒരു പാവപ്പെട്ട വ്യക്തിയുടെ വീട് നിര്‍മാണാവശ്യത്തിനായി നല്ലൊരു തുകയും തന്നിരുന്നു.
അവസാനം പറഞ്ഞു;
ഐ മിസ് യൂ സുലീ
അദ്ദേഹത്തിന്റെ 60-ാം ജന്മദിനമായിരുന്ന ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നാണ് അവസാനമായി ഞങ്ങള്‍ ബന്ധപ്പെട്ടത്. അന്ന് വാട്‌സ്ആപ്പ് വീഡിയോകോള്‍ ചെയ്തു. അതീവ സന്തോഷവാനായിരുന്നു ഡീഗോ അന്നേദിവസം. 'ഐ മിസ് യൂ സുലീ' എന്ന അദ്ദേഹത്തിന്റെ വാക്കുകളോടെ ഫോണ്‍ വയ്ക്കുമ്പോള്‍ നിനച്ചിരുന്നില്ല, ഇത്ര പെട്ടെന്ന് അദ്ദേഹത്തെ ലോകത്തിനു തന്നെ 'മിസ്' ആവുമെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."