വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം: മക്കള്‍ അറസ്റ്റില്‍
തളിപ്പറമ്പ്: ദുരൂഹ സാഹചര്യത്തില്‍ തലയ്ക്ക് മുറിവേറ്റ് ചികിത്സയില്‍ കഴിയവേ പിതാവ് മരിച്ച സംഭവത്തില്‍ രണ്ടു മക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒടുവള്ളി ചാണോക്കുണ്ടിലെ പുലിക്കിരി ആദിച്ചന്‍ (74) ആണ് കഴിഞ്ഞ ദിവസം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മക്കളായ രാജേഷ് (30), ജേഷ്ഠന്‍ വിജയന്‍ (32) എന്നിവരെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ ഉണ്ടായ വഴക്ക് അടിപിടിയില്‍ കലാശിക്കുകയും ഇവര്‍ രോഗബാധിതനായി ചുവരരികില്‍ കിടക്കുകയായിരുന്ന പിതാവിന്റെ ശരീരത്തില്‍ വീണതായും വീഴ്ചയില്‍ പിതാവിന്റെ തല ചുവരിലിടിച്ചുണ്ടായ പരുക്കാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലിസ് പറയുന്നത്.
രാജേഷില്‍നിന്നു മര്‍ദ്ദനമേറ്റാണ് പിതാവ് ആദിച്ചന്‍ മരിച്ചതെന്ന് കാണിച്ച് വിജയന്‍ കഴിഞ്ഞ ദിവസം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ ആദിച്ചന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ പിള്ളയുടെ നിഗമനങ്ങള്‍വച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ഷൈന്‍ ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റകരമായ നരഹത്യക്ക് ഐപിസി 304 പ്രകാരമാണ് കേസ്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."