യമദൂതന്‍
ജ്ഞാനിയായ സുലൈമാന്‍ നബി ദിവസവും നിശ്ചിത സമയം പ്രജകളുടെ ആവലാതികള്‍ കേള്‍ക്കാന്‍ നീക്കിവച്ചിരിന്നു. ഓരോരുത്തരായി വന്ന് അവരവരുടെ പ്രശ്‌നങ്ങള്‍ പറയും. എല്ലാം ശ്രദ്ധിച്ചു കേട്ടു സുലൈമാന്‍ നബി ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കും. അതായിരുന്നു പതിവ്.
ഒരു ദിവസം ഒരാള്‍ വളരെ വികാര വിക്ഷുബ്ധനായി സുലൈമാന്‍ നബിയുടെ സദസിലേക്ക് കയറിവന്നു. എന്ത് പറയണം എങ്ങനെ പറയണം എന്നറിയാതെ അയാള്‍ പരവേശപ്പെട്ടു.
സുലൈമാന്‍ നബി അയാളെ അടുത്തേക്ക് വിളിച്ചു പ്രശ്‌നം എന്താണെന്ന് സൗമ്യമായി അന്വേഷിച്ചു.
ആഗതന്‍ ഗദ്ഗദ കണ്ഠനായി തന്നെ അലട്ടുന്ന വിഷയം ഒരുവിധം പറഞ്ഞൊപ്പിച്ചു: 'പ്രഭോ! ഞാന്‍ യമദൂതന്‍ അസ്രാഈല്‍ മാലാഖയെ കണ്ടു. ഞാന്‍ നിരത്ത് മുറിച്ചുകടക്കുകയായിരുന്നു. അപ്പോഴുണ്ട് മറുഭാഗത്ത് നിന്ന് അസ്രാഈല്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നു. ആള്‍ എന്നെ നോട്ടമിട്ടിരിക്കുകയാണെന്ന് തോന്നുന്നു. എനിക്ക് പേടിയാകുന്നു പ്രഭോ'.
'അതെയോ? താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്താണ് ചെയ്തുതരേണ്ടത്?' സുലൈമാന്‍ നബി ചോദിച്ചു.
ആഗതന്‍ പറഞ്ഞു: 'എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചുതരണം. ഇവിടെ നിന്നാല്‍ കാലന്‍ എന്റെ ജീവനെടുക്കും'.
സുലൈമാന്‍ നബി അയാളെ ആശ്വസിപ്പിച്ചു: 'ബേജാറാവണ്ട. നമുക്ക് അതിനു വേണ്ട ഏര്‍പ്പാട് ചെയ്യാം'.
ശേഷം അയാളെ എത്രയും വേഗം ഇന്ത്യയില്‍ എത്തിക്കാന്‍ കാറ്റിന് കല്‍പ്പന കൊടുത്തു. കാറ്റ് തല്‍ക്ഷണം അയാളെ ഇന്ത്യയിലേക്ക് കൊണ്ടുപോയി.
അന്ന് വൈകുന്നേരം യമദൂതന്‍ പതിവ് സന്ദര്‍ശനത്തിന് സുലൈമാന്‍ നബിയുടെ ദര്‍ബാറില്‍ എത്തി. സുലൈമാന്‍ നബി യമദൂതനോടു ചോദിച്ചു: 'താങ്കള്‍ ഇന്ന് രാവിലെ ഒരു പാവത്തെ വല്ലാതെ നോക്കി പേടിപ്പിച്ചു കളഞ്ഞല്ലോ. അതെന്തിനാണ് അങ്ങനെ നോക്കിയത്? പാവങ്ങളെ നോക്കി പേടിപ്പിക്കുകയാണോ നിങ്ങളുടെ വിനോദം? ആ സാധു നിങ്ങളൊട് എന്ത് തെറ്റ് ചെയ്തു?'
യമദൂതന്‍ ആശ്ചര്യം പൂണ്ടു. 'പ്രഭോ, ഞാന്‍ അയാളെ നോക്കി പേടിപ്പിച്ചതല്ല. ഞാന്‍ അയാളെ ഇവിടെ കണ്ട് അത്ഭുതപ്പെട്ടു പോയതാണ്'. ഒന്ന് നിര്‍ത്തിയതിന് ശേഷം യമദൂതന്‍ തുടര്‍ന്നു, 'നാളെ പുലര്‍ച്ചെ ഇന്ത്യാ രാജ്യത്ത് വച്ച് അയാളുടെ ആത്മാവിനെ പിടിക്കാന്‍ ദൈവം എനിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള അയാള്‍ എങ്ങനെ നാളെ നേരം പുലരുന്നതിന് മുന്‍പ് ഇന്ത്യയില്‍ എത്തും എന്ന് ആലോചിച്ച് അത്ഭുതപ്പെട്ടു പോയതാണ് ഞാന്‍. ആ അത്ഭുതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല'.
സുലൈമാന്‍ നബി അര്‍ഥഗര്‍ഭമായി ഒന്ന് മൂളുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."