യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദനം: മാപ്പ് പറയാന്‍ ചെയര്‍മാന്‍ തയാറായില്ല
പൊന്നാനി: കൗണ്‍സില്‍ യോഗത്തിനിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് മര്‍ദിച്ചതിന് ശേഷം ഇന്നലെ ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗം പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. കഴിഞ്ഞ മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചത്. കഴിഞ്ഞ കൗണ്‍സിലിലുണ്ടായ സംഘര്‍ഷങ്ങളെ അപലപിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. പൊതു പ്രവര്‍ത്തകര്‍ മാന്യത പാലിക്കണമെന്നും ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. കുഞ്ഞിക്കുടയും ചങ്ങാതി ബാഗും പദ്ധതി ഈ വര്‍ഷവും നടപ്പാക്കുമെന്നും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കറുകത്തിരുത്തി സ്‌കൂളില്‍ നടക്കുമെന്നും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയ മുനിസിപ്പാലിറ്റികളില്‍ ഒന്നായി പൊന്നാനി നഗരസഭയെ തെരഞ്ഞെടുത്തതായും ചെയര്‍മാന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. വായ് മൂടിക്കെട്ടിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷാംഗങ്ങളെ മര്‍ദിച്ച കൗണ്‍സിലര്‍മാര്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും, ഇത് ചെയര്‍മാന്‍ അംഗീകരിക്കാതിരുന്നതോടെയാണ് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചത്. രണ്ടു തവണ പ്രതിപക്ഷം ചെയര്‍മാനുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ചെയര്‍മാന്‍ തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് എം.പി . നിസാര്‍ പറഞ്ഞു. മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ചൊവ്വാഴ്ച നടക്കുന്ന വികസന സെമിനാറിലേക്ക് പ്രതിഷേധ പ്രകടനം നടത്താനാണ് കൗണ്‍സിലര്‍മാരുടെ തീരുമാനം. വായ് മൂടി കെട്ടി പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് എം.പി.നിസാര്‍, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, എന്‍.പി.സേതുമാധവന്‍, ആയിഷ അബ്ദു, സി.ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."