നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഇനി ഓണ്‍ലൈന്‍വഴി
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തുന്നു. പതിവായി ആവശ്യപ്പെടുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കുന്നതിനു പിന്നാലെയാണ് ഏറെ കത്തിരിപ്പിനൊടുവില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ തയാറാക്കിയ അപേക്ഷാ ഫോറത്തിന്റെയും സാക്ഷ്യപത്രത്തിന്റെയും കരട് മാതൃകയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവായി.
റവന്യു വകുപ്പ് അനുവദിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് വിഭിന്നമായി ഏറെ സങ്കീര്‍ണതകള്‍ ഉള്ളതാണ് നോണ്‍ ക്രീമിലെയര്‍ സാക്ഷ്യപത്രം. വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഇ- ഡിസ്ട്രിക് പദ്ധതി തുടങ്ങിയിരുന്നെങ്കിലും വിവിധ വില്ലേജ് ഓഫിസുകളില്‍ നിന്ന് വിവരം ലഭ്യമാകേണ്ടതിനാലും വിവിധ തലങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുമായി ബദ്ധപ്പെട്ടവരെ കാറ്റഗറി തിരിച്ച് സൂക്ഷ്മമായി വിലയിരുത്തേണ്ടതിനാലും ഇതുവരെ ഓഫ്‌ലൈനായി മാത്രമാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. പരമാവധി ഏഴുദിവസമാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള സമയം. അനുബന്ധ രേഖകള്‍ ലഭ്യമാക്കാന്‍ സമയം എടുക്കുന്നതിനാല്‍ പലര്‍ക്കും ഒരാഴ്ചക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാറില്ല. ഓണ്‍ലൈനിലേക്ക് മാറുന്നതോടെ വിവിധ ഓഫിസുകളില്‍ നിന്നുള്ള വെരിഫിക്കേഷന്‍, മറ്റ് അനുബന്ധ രേഖകള്‍ ഓണ്‍ലൈന്‍ വഴി തന്നെ ഓഫിസ് മേധാവിക്ക് നേരിട്ട് നടത്താനാവും. ഇ- ഡിസ്ട്രിക്ട് പോര്‍ട്ടലുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ സോഫ്റ്റ് വെയര്‍ സജ്ജീകരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അനുവദിക്കുന്നതിനു വേണ്ട അപേക്ഷാ ഫോറത്തിന്റെയും സാക്ഷ്യപത്രങ്ങളുടെയും മാതൃക അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായ സ്ഥിതിക്ക് ഇനിവേണ്ടത് ഐ.ടി നിയമത്തിലെ വകുപ്പുതല ഭേദഗതിയാണ്. ഇത് രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും. തുടര്‍ന്ന് സംസ്ഥാനതല പ്രഖ്യാപനത്തോടെ ഒക്ടോബര്‍ ആദ്യം പദ്ധതിയുടെ തുടക്കംകുറിക്കാനാണ് ഉദ്ദേശിക്കുന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴിയോ വ്യക്തികള്‍ക്ക് ഇ- ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സജ്ജീകരണമാണ് ഇ- ഡിസ്ട്രിക്ട് പോര്‍ട്ടലില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."