പഴയകാലപ്രതാപം കൈവിടാതെ തൊപ്പിക്കുടകള്‍ വില്‍പനയ്‌ക്കെത്തി
ചങ്ങരംകുളം: ഒരു കാലത്ത് കാര്‍ഷികമേഖലയിലെ നിത്യസാന്നിധ്യമായിരുന്ന തൊപ്പികുടകള്‍ ഓര്‍മകളില്‍നിന്ന് അകന്നുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മപ്പെടുത്തലുമായി ഗ്രാമങ്ങളില്‍ തൊപ്പിക്കുട വില്‍പനക്കാരെത്തി. ആനക്കര, ചാലിശ്ശേരി, കടവല്ലൂര്‍ , ഒതളൂര്‍ പഴഞ്ഞി , പൊന്നാനി , എടപ്പാള്‍ അങ്ങാടി ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ചില കടകളിലും ഇവയുടെ വില്‍പന നടക്കുന്നുണ്ട്. മഴയെത്താന്‍ വൈകുന്നുണ്ടെങ്കിലും കുടകളുടെ വില്‍പന സജീവമായി നടക്കുന്നുണ്ട്.
പണ്ട് ഗ്രാമീണമേഖലകളില്‍ തൊപ്പിക്കുട നിര്‍മാണവും ഉപയോഗവും സജീവമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷം വരെയെങ്കിലും അപൂര്‍വമായി തൊപ്പിക്കുട നിര്‍മാണവും നടന്നുവന്നിരുന്നു. പ്രവൃത്തിപരിചയമുള്ളവരും പഴയ തലമുറയില്‍പ്പെട്ടവരുമായ പലരും മണ്‍മറഞ്ഞതോടെ തൊപ്പിക്കുടകളും പടികടന്ന മട്ടായിരുന്നു. പണ്ട് കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന പുരുഷതൊഴിലാളികള്‍ തൊപ്പിക്കുടകളും സ്ത്രീതൊഴിലാളികള്‍ കുണ്ടന്‍കുടകളുമാണ് ഉപയോഗിച്ചിരുന്നത്. പനയോലയും മുളയും ഉപയോഗിച്ചാണ് കുട നിര്‍മിച്ചിരുന്നത്. സ്ത്രീതൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കുണ്ടന്‍കുടകളുടെ നിര്‍മാണം ആവശ്യക്കാര്‍ കുറഞ്ഞതോടെ നേരത്തെ നിര്‍ത്തിയിരുന്നു.
പിന്നിട് തൊപ്പിക്കുട മാത്രമാണ് നിര്‍മിച്ചിരുന്നത്. ചാലിശ്ശേരി, മുണ്ട്രക്കോട്, പടിഞ്ഞാറങ്ങാടി, ഒതളൂര്‍ പഴഞ്ഞി എന്നിവിടങ്ങളിലാണ് നേരത്തെ കുടനിര്‍മാണം നടന്നിരുന്നത്. ഇപ്പോള്‍ ദൂരദേശങ്ങളില്‍ നിന്നും കച്ചവടക്കാര്‍ എത്തേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."