കുറ്റിപ്പുറത്തെ മലിനജല സംസ്‌കരണ പ്ലാന്റ് പദ്ധതി നടപ്പിലാകില്ലെന്ന് അധികൃതര്‍
എടപ്പാള്‍: കുറ്റിപ്പുറം പട്ടണത്തിലെ മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടാന്‍ ആസൂത്രണം ചെയ്ത കുറ്റിപ്പുറത്തെ മലിനജല സംസ്‌കരണ പ്ലാന്റ് പദ്ധതി നടപ്പിലാകില്ലെന്ന് അധികൃതര്‍.
പദ്ധതിക്കാവശ്യമായ ഭൂമി ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിച്ചെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുറ്റിപ്പുറത്ത് കഴിഞ്ഞ മഴക്കാലത്ത് കോളറയും അതിസാരവും പടര്‍ന്നതിനെ തുടര്‍ന്നു നടന്ന മന്ത്രിതല യോഗത്തിലാണ് പ്ലാന്റുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ അഴുക്കുചാലിലേക്കു മലിനജലം തുറന്നുവിടുന്നതു പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് മലിനജലം ശുദ്ധീകരിച്ചു ഭാരതപ്പുഴയിലേക്ക് ഒഴുക്കാന്‍ പദ്ധതി തയാറാക്കിയത്.ഒരു കോടിയോളം രൂപ ചെലവു വരുന്ന പദ്ധതി നടപ്പാക്കാന്‍ ജലനിധിയെ ഏല്‍പിച്ചിരുന്നു. പദ്ധതി ഏറ്റെടുത്ത ജലനിധി പ്ലാനും എസ്റ്റിമേറ്റും തയാറാക്കി പ്ലാന്റ് നിര്‍മാണത്തിന് തയാറെടുത്തതാണ്. എന്നാല്‍, പ്ലാന്റ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്തുനല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.
കുറ്റിപ്പുറം ടൗണിന് സമീപം പുഴയോരത്ത് എട്ടു സെന്റ് സ്വകാര്യഭൂമിയാണ് പ്ലാന്റിനായി കണ്ടെത്തിയിരുന്നത്. ജലനിധിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധനയടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സ്ഥലം ലഭ്യമല്ല എന്ന മറുപടിയാണ് ബന്ധപ്പെട്ട വിഭാഗങ്ങളില്‍നിന്നു ലഭിച്ചത്. നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം പ്ലാന്റില്‍ എത്തിക്കാന്‍ ഭൂമിക്കടിയിലൂടെ സ്ഥാപിക്കേണ്ടണ്ട പൈപ്പ് ലൈനുകളുടെ സ്‌കെച്ചുകളും മറ്റു നടപടികളും ജലനിധി പൂര്‍ത്തിയാക്കിയിരുന്നു. രാഷ്ട്രീയ വടംവലിയുടെ പേരിലാണ് കുറ്റിപ്പുറത്തെ മലിനജല സംസ്‌കരണ പ്ലാന്റ് നടപ്പാവാതെ പോകുന്നതെന്ന് ആരോപണമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."