അഞ്ചില്‍ ഒരാള്‍ക്ക് അര്‍ബുദം; പ്രായവും കുറയുന്നു
കോഴിക്കോട്: ഇന്ത്യയില്‍ കാന്‍സര്‍ രോഗ ബാധാ സാധ്യത എട്ടില്‍ ഒന്ന് എന്ന അനുപാതത്തില്‍ നിന്ന് അഞ്ചില്‍ ഒരാള്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. സ്ത്രീകളിലെ സ്തനാബുര്‍ദമാണ് ഏറ്റവും കൂടുതല്‍. നേരത്തെ 45 വയസിനു മുകളിലുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതലായി കണ്ടു വന്നിരുന്നതെങ്കില്‍ ഇപ്പോഴത് 40 വയസില്‍ താഴെയുള്ളവരിലേക്കും ബാധിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍.
കാന്‍സറിനെ സംബന്ധിച്ചുള്ള പഠനം നടത്തുന്ന ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍(ഐ.എ.ആര്‍.സി) പുറത്തുവിട്ട കണക്കിലാണ് (ഗ്ലോബോകാന്‍ 2018) ഇന്ത്യയിലും ലോകത്തും കാന്‍സര്‍ ബാധ ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുന്നതായി വ്യക്തമാക്കുന്നത്.
185 രാജ്യങ്ങളിലായി 36 ടൈപ്പ് കാന്‍സറാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക ശരാശരി പരിശോധിച്ചാല്‍ ശ്വാസകോശ കാന്‍സറും സ്തനാര്‍ബുദവും ഒരേ അനുപാതത്തിലാണ് (11.6 ശതമാനം വീതം). 2018ല്‍ മാത്രം18.1 മില്യന്‍ പേര്‍ക്ക് കാന്‍സര്‍ ബാധിച്ചു. 9.6 മില്യന്‍ പേരാണ് ഈ വര്‍ഷം മാത്രം കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചത്.
ലോക ശരാശരി കണക്കാക്കിയാല്‍ പുരുഷന്‍മാരില്‍ അഞ്ചില്‍ ഒരാള്‍ക്കും സ്ത്രീകളില്‍ ആറില്‍ ഒരാള്‍ക്കുമാണ് രോഗ സാധ്യതയുള്ളത്. രോഗം ബാധിച്ചവരില്‍ പുരുഷന്‍മാരില്‍ എട്ടുപേരില്‍ ഒരാളും സ്ത്രീകളില്‍ 11 പേരില്‍ ഒരാള്‍ വീതവുമാണ് മരണത്തിന് കീഴടങ്ങുന്നത്.
ഇന്ത്യയില്‍ ഈ വര്‍ഷം മാത്രം 1157294 പേര്‍ക്കാണ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ബോധവല്‍കരണം സജീവമാണെങ്കിലും കേരളത്തിലും കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുകയാണെന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ പറഞ്ഞു.
സ്ത്രീകളുടെ സ്തനാര്‍ബുദത്തിനു പുറമെ കേരളത്തില്‍ പുരുഷന്‍മാരില്‍ ശ്വാസകോശ കാന്‍സറും വായയിലെ കാന്‍സറുമാണ് കൂടുതല്‍. രോഗം കണ്ടെത്താനും ചികിത്സയ്ക്കും താമസം വരുന്നതിനാലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലും കേരളത്തിലും മരണ സംഖ്യ കൂടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ കണ്ടെത്തുകയും കൃത്യമായ ചികിത്സ ലഭിക്കുകയും ചെയ്ത 80 ശതമാനം പേര്‍ക്കും രോഗ മുക്തിയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."