കോഴിക്കോട്- പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിക്കു യാത്രക്കാര്‍ കുറഞ്ഞു, സ്വകാര്യ ബസ്സുകള്‍ക്കു ചാകര
മലപ്പുറം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം നടപ്പാക്കിയതോടെ കോഴിക്കോട്- പാലക്കാട് റൂട്ടില്‍ സര്‍വിസുകള്‍ അലങ്കോലപ്പെട്ടു. നിശ്ചിത സമയത്ത് ബസുകള്‍ പ്രതീക്ഷിക്കാനാവാതെ വന്നതോടെ കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകള്‍ക്ക് അനുഗ്രഹവുമായി.
യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെ വന്‍തോതില്‍ ആശ്രയിച്ചിരുന്ന റൂട്ടായിരുന്നു ഇത്. ശരാശരി പത്തു മിനിറ്റ് ഇടവിട്ടുള്ള ഷെഡ്യൂളുകള്‍ ഈ റൂട്ടില്‍ ഉണ്ടായിരുന്നു. സെസ് അടക്കം സ്വകാര്യ ബസ്സുകളെക്കാളധികം ചാര്‍ജ് കെ.എസ്.ആര്‍.ടിസി ഈടാക്കുന്നുണ്ട്. എന്നിട്ടും ഏതു സമയത്തും ബസ് കിട്ടുമെന്ന അവസ്ഥയുണ്ടായിരുന്നതിനാല്‍ യാത്രക്കാര്‍ അധികവും ആശ്രയിച്ചിരുന്നത് കെ.എസ്.ആര്‍.ടി.സി ബസുകളെയായിരുന്നു. മികച്ച കലക്ഷനും ഈ റൂട്ടില്‍ ലഭിച്ചിരുന്നു.
എന്നാല്‍, കോടതി വിധിയെ തുടര്‍ന്ന് സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം നടപ്പാക്കിയതോടെ ഇതെല്ലാം അവതാളത്തിലായിരിക്കുകയാണ്. ഈ റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ സര്‍വിസുകളിലാണ് സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയിരിക്കുന്നത്. ഇത്തരം ബസ്സുകളാണ് റൂട്ടില്‍ അധികമുള്ളത്. സിംഗിള്‍ ഡ്യൂട്ടിയുടെ സമയക്രമം പാലിക്കുന്നതിനു വേണ്ടി ഷെഡ്യൂളുകള്‍ പലതും വഴിയില്‍ അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണിപ്പോള്‍.
പാലക്കാട്ടു നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ഷെഡ്യൂളുകളില്‍ പലതും ജീവനക്കാരുടെ സിംഗിള്‍ ഡ്യൂട്ടി എട്ടു മണിക്കൂര്‍ സമയം പാലിക്കാനായി മലപ്പുറത്തും പെരിന്തല്‍മണ്ണയിലുമൊക്കെ അവസാനിപ്പിക്കേണ്ടി വരുന്നു. അവിടെനിന്നങ്ങോട്ട് യഥാസമയം യാത്ര തുടരാന്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്ത അവസ്ഥകൂടി വരുമ്പോള്‍ ഫലത്തില്‍ ഷെഡ്യൂളുകള്‍ കുറയുകയാണ്.
നിശ്ചിത സമയത്ത് ബസ്സുകള്‍ പ്രതീക്ഷിക്കാനാവാത്ത സാഹചര്യമുള്ളതിനാല്‍ ഈ റൂട്ടില്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസുകളെ കാര്യമായൊന്നും ആശ്രയിക്കാത്ത അവസ്ഥയാണിപ്പോള്‍. മാത്രമല്ല ബസ് വഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതു കാരണം വേറെ ബസ്സില്‍ മാറിക്കയറേണ്ടി വരുമെന്നതിനാല്‍ കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കും തിരിച്ചും നേരിട്ടു പോകേണ്ട യാത്രക്കാര്‍ കയറാത്ത അവസ്ഥയുമുണ്ട്. ഈ കാരണങ്ങളാല്‍ ഷെഡ്യൂളുകള്‍ കുറഞ്ഞാല്‍ യാത്രക്കാരുടെ തിരക്കു കൂടേണ്ടതിനു പകരം ഗണ്യമായി കുറഞ്ഞിരിക്കുകയാണിപ്പോള്‍. തിരക്കു കൂടേണ്ട സമയങ്ങളില്‍ പോലും അധികമൊന്നും യാത്രക്കാരില്ലാതെയാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. ഇതുകാരണം കോര്‍പറേഷനു വന്‍തോതില്‍ വരുമാന നഷ്ടം സംഭവിക്കുകയാണ്. സ്വകാര്യ ബസ്സുടമകളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളില്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നേരത്തെ കെ.എസ്.ആര്‍.ടി.സി ബസുകളെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന സാഹചര്യമുണ്ടായതിനാല്‍ സ്വകാര്യബസ്സുകളുടെ കലക്ഷന്‍ വലിയ തോതില്‍ കുറഞ്ഞിരുന്നു. ഇതു കാരണം 24 സ്വകാര്യ ബസ് സര്‍വിസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന സാഹചര്യം ഉണ്ടായിരുന്നതായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതിനോട് ജീവനക്കാര്‍ക്ക് അനുകൂല സമീപനമാണുള്ളത്. എന്നാല്‍, അതു നടപ്പാക്കുന്നതിലെയും ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നതിലെയും അശാസ്ത്രീയതയാണ് യാത്രക്കാര്‍ കുറയാന്‍ കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."