ന്യൂനപക്ഷ ആനുകൂല്യങ്ങള്‍: സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് സാദിഖലി തങ്ങള്‍
മലപ്പുറം: വിദ്യാഭ്യാസ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് അറിയിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുന്നുണ്ട്. ഇതുമൂലം ഗ്രാന്റുകളും മറ്റു സഹായങ്ങളും അര്‍ഹരായവര്‍ക്ക് ലഭ്യമാവാത്ത സാഹചര്യമുണ്ട്. ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നത് അവകാശലംഘനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമിതി അക്കാദമിക് സെല്‍ കണ്‍വീനര്‍ സുബൈര്‍ നെല്ലിക്കാപ്പറമ്പ് ക്ലാസെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍, നൗഷാദ് മണ്ണിശ്ശേരി, മമ്മദ് കോഡൂര്‍, പി.പി കുഞ്ഞാന്‍, എ. ലുഖ്മാന്‍, കെ.ടി ചെറിയ മുഹമ്മദ്, സി. മൂസ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."