കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര കോടതി 17ന് വിധി പറയും
ഹേഗ്: ഇന്ത്യന്‍ ചാരനാണെന്നാരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ രാജ്യാന്തര കോടതി ഈ മാസം 17ന് വിധി പറയും. ഇരുരാജ്യങ്ങളുടെയും അഭിഭാഷകരുടെ വാദങ്ങള്‍ കേട്ട ശേഷം ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതി വിധിപറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാവും വിധി പ്രഖ്യാപനം ഉണ്ടാവുക.
2016 മെയ് 24നാണ് ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സി (റോ) ഉദ്യോഗസ്ഥനെന്ന് ആരോപിച്ച് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബലൂച് പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ്‌ചെയ്തത്. ഭീകരപ്രവര്‍ത്തനം, ചാരപ്രവര്‍ത്തനം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ പാകിസ്താന്‍ ചുമത്തിയത്. അതിവേഗ വിചാരണനടത്തിയ ശേഷം കുറ്റം തെളിഞ്ഞതായി അവകാശപ്പെട്ട് കുല്‍ഭൂഷണെ വധശിക്ഷയ്ക്കും വിധിച്ചു.
ഈ നടപടി ചോദ്യംചെയ്ത് ഇന്ത്യ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ രാജ്യാന്തര കോടതി വിധിപറയാനിരിക്കുന്നത്. ഇന്ത്യയുടെ ഹരജി പരിഗണിച്ച രാജ്യാന്തര കോടതി, പ്രാഥമിക നടപടിയുടെ ഭാഗമായി കുല്‍ഭൂഷന്റെ വധശിക്ഷ തടഞ്ഞിരുന്നു. കേസില്‍ അന്തിമ ഉത്തരവ് വരുന്നത് വരെയാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്.
കുല്‍ഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാത്ത പാകിസ്താന്റെ നടപടി വിയന്ന കണ്‍വന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണെന്നുമാണ് ഇന്ത്യയുടെ വാദം. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളില്‍ രാജ്യാന്തര കോടതിക്ക് ഇടപെടാന്‍ അവകാശമില്ലെന്നാണ് പാകിസ്താന്റെ വാദം. കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പാകിസ്താന്‍, അദ്ദേഹത്തിന് മുസ്‌ലിം പേരിലുള്ള പാസ്‌പോര്‍ട്ടുണ്ടെന്ന് ആരോപിച്ച് അതു കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."