ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. ഇന്നലെയും അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്നലെ കുറച്ചുസമയം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി വേണ്ടിവരും. നട്ടെല്ലിനും കഴുത്തിനും തലക്കുമാണ് ഗുരുതര പരുക്കുള്ളത്.
ആന്തരിക രക്ത സ്രാവമുണ്ടായതിനെത്തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇടക്ക് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്കൊപ്പം പരുക്കേറ്റ ഡ്രൈവര്‍ അര്‍ജുനും അപകടനില തരണം ചെയ്തിട്ടുണ്ട്.
അതേസമയം അപകടത്തില്‍ മരിച്ച ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാലഭാസ്‌കറും ഭാര്യയും അപകടനില തരണം ചൈത ശേഷം സംസ്‌കാര ചടങ്ങ് നടത്തിയാല്‍ മതിയെന്നാണ് ബന്ധുക്കളുടെ തീരുമാനം.
തൃശൂരില്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌ക്കറാണ് വണ്ടി ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷിയായ പ്രവീണ്‍ പറയുന്നു. ഭാര്യ ലക്ഷമിയും മകള്‍ തേജസ്വി ബാലയും മുന്നിലെ സീറ്റിലാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ അര്‍ജ്ജുന്‍ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അര്‍ജ്ജുന് ഉറക്കം വന്നപ്പോള്‍ ബാലഭാസ്‌ക്കര്‍ വണ്ടി ഓടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഒന്നരയാഴ്ച മുന്‍പാണ് അര്‍ജ്ജുന്‍ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."