ഇടുക്കി മെഡിക്കല്‍ കോളജ്: മൂന്നാം ബാച്ചിലേയ്ക്കുള്ള പ്രവേശനാപേക്ഷയും ഐ.എം.സി തള്ളി
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിന്റെ മൂന്നാം ബാച്ചിലേയ്ക്കുള്ള പ്രവേശന അപേക്ഷയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഐ.എം.സി) തള്ളി. അപേക്ഷഫീസായി സമര്‍പ്പിച്ചിരുന്ന മൂന്ന് ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്ടും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തിരിച്ചയച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് ബുധനാഴ്ച്ച വൈകിട്ട് ഇടുക്കി മെഡിക്കല്‍ കോളജിലെത്തി.
2017-18 അധ്യയന വര്‍ഷത്തേയ്ക്കുള്ള അപേക്ഷ കഴിഞ്ഞ ഏഴിനാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപേക്ഷയും ഫീസും സ്വീകരിക്കാന്‍ കഴിയില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് പല പ്രാവശ്യം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ അപേക്ഷയും ഐ.എം.സി തള്ളിയത്. ഒന്നാം ബാച്ചിലേയ്ക്കുള്ള അനുമതി നല്‍കിയത് തന്നെ നിബന്ധനകളോടു കൂടിയായിരുന്നു.
നിബന്ധനകള്‍ പാലിക്കാതെ വന്നതിനെ തുടര്‍ന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയാണ് രണ്ടാം ബാച്ചിലേയ്ക്കുള്ള അനുമതി നല്‍കിയത്.
എന്നാല്‍ മൂന്നു വര്‍ഷം ലഭിച്ചിട്ടും സൗകര്യമൊരുക്കാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രവേശനം 2015 ഡിസംബര്‍ 31 ന് റദ്ദു ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടുത്ത വര്‍ഷത്തെ പ്രേവേശനാനുമതിയ്ക്കായി അപേക്ഷ നല്‍കിയത്.
ഈ വര്‍ഷത്തെ പ്രവേശനാനുമതി നഷ്ടപ്പെട്ട ഡിസംബര്‍ 31 ന് മെഡിക്കല്‍ കോളജില്‍ നിലനിന്നിരുന്ന അതേ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്. അധിക സൗകര്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ അപേക്ഷയും തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."